ആലപ്പുഴ: ഒരുനാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയിലും സുമനസുകളുടെ കാരുണ്യത്തിലുമാണ് ഇരുവൃക്കകളും തകരാറിലായ ചെട്ടികാട് കളത്തില്‍ വീട്ടില്‍ പൊടിയന്‍ (പൈലി-40) ജീവിതം തളളിനീക്കുന്നത്. ജീവന്‍ നിലനിര്‍ത്തുന്നതിന് വൃക്ക മാറ്റി വെയ്‌ക്കുകയാണ് ഏക പോംവഴി.
പൊടിയന്റെ ഭാര്യ സുനിമോള്‍ വൃക്ക നല്‍കാന്‍ തയ്യാറായിട്ടുണ്ടെങ്കിലും ഇതിനുളള ഭാരിച്ച തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ഈ നിര്‍ധന കുടുംബം. ഏകദേശം 12 ലക്ഷം രൂപ ഇതിനായി വേണ്ടിവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. പൊടിയന്റെ വൃക്ക മാറ്റി വെയ്‌ക്കുന്നതിനുളള ചെലവിന് പണം കണ്ടെത്താന്‍ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍ ചെയര്‍പേഴ്‌സണായും ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എന്‍ പി സ്‌നേഹജന്‍ കണ്‍വീനറുമായുളള ജീവന്‍രക്ഷാസമിതി പ്രവര്‍ത്തിച്ചു വരികയാണ്.
സമിതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച 10, 11, 12, 13, 14 വാര്‍ഡുകളിലെ വീടുകളില്‍ കയറിയിറങ്ങി ധനസമാഹരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സോഡ കടകളിലെത്തിച്ച് നല്‍കുന്ന ജോലിയില്‍ നിന്നും കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ട് പ്ലസ് ടുവിനും എട്ടാം ക്ലാസിലും രണ്ടുമക്കളെ പഠിപ്പിക്കുകയും കുടുംബം പുലര്‍ത്തുകയും ചെയ്തുപോന്നതിനിടെയാണ് രോഗം ക്രൂരത കാട്ടിയത്. തുടര്‍ ചികിത്സയ്‌ക്കും വൃക്ക മാറ്റിവെയ്‌ക്കുന്നതിനും കാരുണ്യമതികളുടെ സഹായം തേടുകയാണ് ഈ ദരിദ്രകുടുംബം. ചെട്ടികാട് കോര്‍പ്പറേഷന്‍ ബാങ്കില്‍ പൊടിയന്റേയും ജീവന്‍രക്ഷാ സമിതി കണ്‍വനര്‍ എന്‍പി സ്‌നേഹജന്റേയും പേരില്‍ ജോയിന്റ് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍: 0390001010114383. ഐ എഫ് സി കോഡ്-സി ഒ ആര്‍ പി 68017003. പത്രസമ്മേളനത്തില്‍ മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എന്‍ പി സ്‌നേഹജന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജയന്‍തോമസ്, തങ്കി വലിയവീട് എന്നിവര്‍ പങ്കെടുത്തു.
















