ചേര്‍ത്തല: പോലീസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് സഹായിച്ചെന്ന പരാതിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. അര്‍ത്തുങ്കല്‍ സ്റ്റേഷനിലെ പോലീസുകാരി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി വൈ.ആര്‍. റെസ്റ്റം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് സ്റ്റേഷന്റെ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുന്നത്. പരാതിക്കാരിയുടെ മൊഴി കഴിഞ്ഞ ദിവസം ഡിവൈഎസ്പി രേഖപ്പെടുത്തിയിരുന്നു. അന്വേഷണം നടത്തിയ സീനിയര്‍ പോലീസ് ഓഫിസറുടെയും എഎസ്‌ഐമാരുടെയും മൊഴിയെടുക്കാനാണ് തീരുമാനം.
നടപടി പൂര്‍ത്തിയാക്കിയ ശേഷം റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് പോളിസി എടുപ്പിക്കാനെന്ന പേരില്‍ വീട്ടിലെത്തിയ പ്രതി പോലീസുകാരിയോട് അപമര്യാദയായി പെരുമാറുകയും വാതില്‍ പൂട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചതായും കാട്ടി നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് നിസാര വകുപ്പുകള്‍ ചുമത്തി പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെതിരെ നല്‍കിയ പരാതിയിലാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം അന്വേഷണം ആരംഭിച്ചത്.
















