മാവേലിക്കര: ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ മാവേലിക്കരയിലെ ഗതാഗതപ്രശ്‌നം പരിഹരിക്കുന്നതിനായി ചെയര്‍പേഴ്‌സണ്‍ന്റെ അദ്ധ്യക്ഷതയില്‍ യോഗം കൂടിയെങ്കിലും കളക്ടര്‍ വരാത്തതില്‍ ബിജെപിയും കോണ്‍ഗ്രസ്സും മറ്റ് രാഷ്‌ട്രീയപാര്‍ട്ടികളും സംയുക്തമായി യോഗം തടസ്സപ്പെടുത്തുകയും ആര്‍ഡിഒയെ ഉപരോധിക്കുകയും ചെയ്തു. മിച്ചല്‍ ജങ്ഷനില്‍ അപകടമരണം സംഭവിച്ച് 75 ദിവസങ്ങള്‍ പിന്നിട്ടിട്ടും യാതൊരുവിധ പരിഹാരവും ഇതുവരെയും ഉണ്ടായിട്ടില്ല.
ബിജെപി അടക്കമുള്ള രാഷ്‌ട്രീയ നേതാക്കന്മാരുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 24ന് എഡിഎം പങ്കെടുക്കുന്ന യോഗം നടത്താമെന്ന് പറഞ്ഞെങ്കിലും ജനുവരി മൂന്നിന് ശേഷം ഏഴിന് കളക്ടറുടെ സാന്നിദ്ധ്യത്തില്‍ യോഗം നടത്താമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. തുടര്‍ യോഗം നടന്നില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുവാന്‍ ബിജെപി തീരുമാനിച്ചു.
ബിജെപി മാവേലിക്കര നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. കെ.കെ. അനൂപ്, മേഖല പ്രസിഡന്റുമാരായ കെ.എം. ഹരികുമാര്‍, വിജയകുമാര്‍ പരമേശ്വരത്ത്, എസ്. രംഗനാഥ്, ജി. രാജീവ്, മനോജ് പ്രായിക്കര എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.
















