പിതൃസ്മരണയില്‍..ജയലളിതയുടെ അന്തിമ ചടങ്ങുകള്‍ ബന്ധുക്കള്‍ ചെയ്യുന്നു.
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണാനന്തര ചടങ്ങുകള്‍ ഹൈന്ദവ ആചാരപ്രകാരം ബന്ധുക്കള്‍ വീണ്ടും നടത്തി. സംസ്‌കാരചടങ്ങ് ബന്ധുക്കളെ പോലും അടുപ്പിക്കാതെ ശശികലയാണ് നടത്തിയത്. ഇതില്‍ ബന്ധുക്കള്‍ക്ക് കടുത്ത അമര്‍ഷമുണ്ടായിരുന്നു.
ഹൈന്ദവ വിശ്വാസിയായ ജയലളിത ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി, വഴിപാടുകള്‍ നടത്തുന്നത് പതിവായിരുന്നു. എന്തടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ജയലളിതയെ സംസ്‌ക്കരിച്ചതെന്ന് ബന്ധുക്കള്‍ ചോദിക്കുന്നു. ഈ സാഹചര്യത്തിലാണ് ജയലളിതയുടെ ആത്മാവിന് മോക്ഷം ലഭിക്കാന്‍ മരണാനന്തര ചടങ്ങുകള്‍ വീണ്ടും നടത്തിയത്.
കര്‍ണാടകയില്‍ ശ്രീരംഗപട്ടണത്തിനടുത്ത് പശ്ചിമവാഹിനി എന്ന സ്ഥലത്ത് വച്ചാണ് ജയലളിതയുടെ അര്‍ദ്ധസഹോദരന്‍ വരദരാജുവിന്റെ നേതൃത്വത്തില്‍ അയ്യങ്കാര്‍ രീതിയിലുള്ള മരണാനന്തര ചടങ്ങുകള്‍ നടത്തിയത്. ജയലളിതയുടെ ഭൗതികദേഹമെന്ന സങ്കല്‍പത്തില്‍ ഒരു മനുഷ്യരൂപം വച്ചാണ് പ്രധാന പൂജാരി രംഗനാഥ് അയ്യങ്കാരുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ നടന്നത്.
മൃതദേഹം ദഹിപ്പിച്ചാല്‍ മാത്രമേ ജയലളിതയ്‌ക്ക് മോക്ഷം ലഭിക്കൂവെന്നും അതിനു വേണ്ടിയാണ് ഇങ്ങനെ ചടങ്ങുകള്‍ നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. മരണാനന്തരം നടത്തേണ്ട ചില ചടങ്ങുകള്‍ അടുത്ത അഞ്ച് ദിവസങ്ങളിലായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ എഐഎഡിഎംകെ നേതാക്കള്‍ നടത്താത്തതില്‍ കടുത്ത രോഷമാണ് വരദരാജു പ്രകടിപ്പിച്ചത്.
















