ആലപ്പുഴ: ആരോഗ്യ വകുപ്പിലും മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് 2 തസ്തികയില്‍ ആലപ്പുഴ ജില്ലയില്‍ നിയമനം നടത്തുന്നില്ല. പിഎസ്‌സി റാങ്ക്‌ലിസ്റ്റ് നിലവില്‍ വന്ന് നാലുമാസം പിന്നിട്ടിട്ടും നിയമനം നടത്താത്തതില്‍ ദുരൂഹതയുണ്ടെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.
മൂന്നു വര്‍ഷമായി ജില്ലയില്‍ റിട്ടയര്‍മെന്റ്, പ്രമോഷന്‍ ഉള്‍പ്പെടെ ധാരാളം ഒഴിവുകളുണ്ടായിട്ടും ഇടതു വലതു സര്‍ക്കാരുകള്‍ പിഎസ്സ്‌സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്താന്‍ തയ്യാറാകുന്നില്ല. ഈ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ സ്ഥാനക്കയറ്റം വേണ്ടെന്നുവച്ച് ജില്ലയില്‍തന്നെ തുടരുന്നതിനാല്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കുള്ള അവസരം നഷ്ടപ്പെടുകയാണ്. ജില്ലയില്‍ മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ബഹുഭൂരിപക്ഷവും പ്രായപരിധി കഴിഞ്ഞവരാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മറ്റു മന്ത്രിമാര്‍, ഡിഎംഒ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകുന്നില്ല.
















