മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ ആദ്യ കലാശക്കളിക്ക് യോഗ്യത നേടാന്‍ ഇന്ന് മുംബൈക്ക് ജയിക്കണം. കൊല്‍ക്കത്തയിലെ ആദ്യ പാദത്തില്‍ 3-2ന് തോറ്റ അവര്‍ക്ക് വീണ്ടുമൊരു തോല്‍വി പുറത്തേക്കുള്ള വഴി. അതേസമയം, കൊല്‍ക്കത്തക്ക് സമനില പോലും മുന്നേറാന്‍ അവസരമൊരുക്കും.
തട്ടകത്തില്‍ ഡീഗൊ ഫോര്‍ലാന്‍ എന്ന സൂപ്പര്‍ താരം കളിക്കില്ലെന്നതാണ് മുംബൈയുടെ ആധി. കഴിഞ്ഞ കളിയില്‍ ചുവപ്പു കാര്‍ഡ് കണ്ടത് ഉറുഗ്വെ സൂപ്പര്‍ താരത്തിന് തിരിച്ചടിയായി. കൊല്‍ക്കത്തയില്‍ രണ്ട് എവേ ഗോളുകള്‍ നേടിയത് മുംബൈയുടെ ആശ്വാസം. എതിരാളികളെ ഗോളടിക്കാന്‍ വിടാതെ ഒരു ഗോളിന് ജയിച്ചാല്‍ എവേ ഗോള്‍ ആതിഥേയരെ തുണയ്‌ക്കും.
കൊല്‍ക്കത്തക്കാകട്ടെ ഒരു സീസണിനു ശേഷം ഫൈനലിലെത്താനുള്ള തയാറെടുപ്പില്‍.
നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ രണ്ട് ടീമുകളും രണ്ട് ജയം വീതം നേടി. ഇത്തവണ പ്രാഥമിക റൗണ്ടില്‍ കൊല്‍ക്കത്തയില്‍ മുംബൈ ജയിച്ചപ്പോള്‍ (1-0), മുംബൈയില്‍ സമനില (1-1). ശുഭാപ്തി വിശ്വാസത്തിലാണ് മുംബൈ പരിശീലകന്‍ അലക്‌സാന്ദ്രെ ഗ്യുമാറെസും, അത്‌ലറ്റികോ പരിശീലകന്‍ ജോസ് മോളിനയും.
















