നിയോണ്‍: യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിലെ താര പോരാട്ടങ്ങളില്‍ തീരുമാനമായി. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ പ്രീ ക്വാര്‍ട്ടര്‍ നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ കരുത്തരുടെ മുഖാമുഖം. ഇംഗ്ലീഷ് വമ്പന്മാര്‍ ആഴ്‌സണലിന് എതിരാളികള്‍ ബയേണ്‍ മ്യൂണിച്ച്. ബാഴ്‌സലോണക്ക് എതിരാളികള്‍ പാരീസ് സെന്റ് ജര്‍മന്‍. ആദ്യ പാദ മത്സരങ്ങള്‍ 2017 ഫെബ്രുവരി 13, 14, 20, 21 ദിവസങ്ങളില്‍. രണ്ടാം പാദം മാര്‍ച്ച് ആറ്, ഏഴ്, 13, 14 തീയതികളില്‍.
മറ്റു കളികളില്‍ നിലവിലെ ജേതാക്കള്‍ റയല്‍ മാഡ്രിഡിന് എതിരാളി നെപ്പോളി. മാഞ്ചസ്റ്റര്‍ സിറ്റി-മൊണാക്കൊ, ബെനഫിക്ക-ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, പോര്‍ട്ടൊ-യുവന്റസ്, ബെയര്‍ ലെവര്‍കൂസന്‍-അത്‌ലറ്റികോ മാഡ്രിഡ്, സെവിയ്യ-ലെസ്റ്റര്‍ സിറ്റി മറ്റു പോരാട്ടങ്ങള്‍. 2012-13, 2013-14 വര്‍ഷങ്ങളില്‍ പ്രീ ക്വാര്‍ട്ടറിലും ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലും നേര്‍ക്കുനേര്‍ എത്തിയ ടീമുകളാണ് ആഴ്‌സണലും ബയേണും. തുടരെ വര്‍ഷങ്ങളില്‍ മുഖാമുഖം വരുന്നുവെന്നതാണ് ഇത്തവണത്തെ നറുക്കെടുപ്പിന്റെ പ്രത്യേകത.
















