ആലപ്പുഴ: ഈഴവര്‍ക്ക് ഇനിയും പലതും ലഭിക്കാനുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപളളി നടേശന്‍. എസ്എന്‍ഡിപി അമ്പലപ്പുഴ താലൂക്ക് യൂണിയന്റെ മെറിറ്റ് ഈവനിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഭിക്കാനുളളവയില്‍ പലതും ഇതര സമുദായക്കാര്‍ തട്ടിക്കൊണ്ടുപോയി.
വിദ്യ കൊണ്ട് ഉദ്ബുദ്ധരാകാന്‍ ഗുരുദേവന്‍ പഠിപ്പിച്ചെങ്കിലും ഈഴവര്‍ക്ക് പഠിക്കാന്‍ സ്ഥാപനങ്ങള്‍ ഇനിയും സമുദായികാനുപാതികമായി ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മറ്റ് സമുദായങ്ങള്‍ക്ക് ആവശ്യത്തിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെങ്കിലും ഇപ്പോഴും ആറു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാത്ത സമുദായമാണ് ഈഴവരുടേത്. ഉദ്യോഗ സംവരണത്തിലായാലും ഈഴവര്‍ പിന്നിലാണ്.
നരേന്ദ്രന്‍കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇനിയും ഈഴവര്‍ക്ക് നിയമനങ്ങള്‍ ലഭിക്കേണ്ടതുണ്ട്. യോഗത്തിന്റെ കീഴിലുളള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ചെയ്യാന്‍ അവസരമൊരുക്കും. നോട്ട് നിരോധന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും വെള്ളാപളളി പറഞ്ഞു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥ് അധ്യക്ഷനായിരുന്നു. മന്ത്രിമാരായ ജി. സുധാകരന്‍, പി. തിലോത്തമന്‍, ആര്‍. സാജന്‍, ആര്‍. കൃഷ്ണന്‍, കെ.എന്‍. പ്രേമാനന്ദന്‍, എ.കെ. രംഗരാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















