തലശ്ശേരി: മത്സരഇനം പഠിപ്പിച്ച അധ്യാപകന്‍തന്നെ വിധികര്‍ത്താവായി എത്തിയെന്നാരോപിക്കപ്പെട്ടതോടെ മത്സരം അപ്പാടെ മാറ്റി. സ്‌കൂള്‍ കലോത്സവത്തിന്റെ നാലാം ദിവസമായ ഇന്നലെ രാവിലെ 9.30 ന് ബിഇഎംപി സ്‌കൂളിന്റെ മുന്‍വശ വേദിയില്‍ നടത്താനിരുന്ന കഥകളി സംഗീത മത്സരം ആരംഭിക്കാനിരിക്കെയായിരുന്നു മത്സരാര്‍ത്ഥികളില്‍ ഒരു കൂട്ടര്‍ ആരോപണവുമായി രംഗത്തെത്തിയത്. ഇതേച്ചൊല്ലി സംഘാടകരുമായി വാക്കുതര്‍ക്കവും നടന്നതോടെ രാവിലെ 9.30 ന് ആരംഭിക്കേണ്ടിയിരുന്ന മത്സരം നടത്താനാവാതായി. പകരം മറ്റൊരു വിധികര്‍ത്താവിനെ പെട്ടന്ന് എത്തിക്കാനാവാത്തതും ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ പരാജയപ്പെട്ടതുമാണ് മത്സരം അവസാനനാളിലേക്ക് മാറ്റാനിടയാക്കിയത്. ഞായറാഴ്ച രാവിലെ ബി ഇഎംപിയിലെ അതേവേദിയില്‍ അതേ സമയത്തുതന്നെ കഥകളി സംഗീത മത്സരം നടത്താനാണ് തീരുമാനം. ജഡ്ജിംഗ് പാനലിലുള്ളവരെപ്പറ്റി പരമാവധി പരാതികള്‍ ഒഴിവാക്കാന്‍ സംഘാടകസമിതി തുടക്കംമുതല്‍ ശ്രദ്ധിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം നടന്ന ചവിട്ടുനാടക മത്സര വിധിയെപ്പറ്റിയും നേരിയതോതില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിരുന്നു. തര്‍ക്കം രൂക്ഷമാവുന്നത് പോലീസ് എത്തിയാണ് തടഞ്ഞത്.
















