തലശ്ശേരി: പൊതുവേ ന്യൂനപക്ഷ പ്രീണനം നടക്കുന്ന നാട്ടില്‍ സ്‌കൂള്‍ കലോത്സവ മത്സരഇനങ്ങളിലും ന്യൂനപക്ഷ പ്രീണനം. പ്രൈമറി-ഹൈസ്‌കൂള്‍-ഹയര്‍സെക്കന്ററി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ മത്സരിക്കുന്ന കണ്ണൂര്‍ റവന്യൂ ജില്ലാ കലോത്സവ മത്സര ഇനങ്ങളിലാണ് ഇത് വ്യക്തമാകുന്നത്. യൂണിവേഴ്‌സല്‍ ലാംഗ്വേജ് ആയ ഇംഗ്ലീഷില്‍ കേവലം 10 മത്സരാര്‍ത്ഥികളും രാഷ്‌ട്രഭാഷയായ ഹിന്ദിയില്‍ 13 ഇനം മത്സരങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഒരു ന്യൂനപക്ഷമതവിഭാഗം മാത്രം മത്സരിക്കുന്ന അറബിക് വിഭാഗത്തില്‍ 35 ഇനം മത്സരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് നമ്മുടെ മാതൃഭാഷയുടെ ഇരട്ടിയിലധികവും രാഷ്‌ട്രഭാഷയുടെയും ഇംഗ്ലീഷ് ഭാഷയുടെയും മൂന്ന് ഇരട്ടിയോളവുമാണ് അറബി ഭാഷയുടെ മത്സര ഇനങ്ങള്‍. ഇതിലെന്താണ് അത്ഭുതമെന്ന് തോന്നിയേക്കാമെങ്കിലും ഇതിലുള്ള ഗുണദോഷങ്ങള്‍ ഏറെയാണ്. എസ്എസ്എല്‍സി കഴിഞ്ഞാലും പ്ലസ് ടു കഴിഞ്ഞാലും ലഭ്യമാകുന്ന ഗ്രേസ് മാര്‍ക്കാണ് ഇവിടെ പ്രശ്‌നം. ഈ മത്സരങ്ങളില്‍ ജയിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഗ്രേസ് മാര്‍ക്കിന് ഏറ്റവും കൂടുതല്‍ അര്‍ഹരാകുന്നത് ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരാണ്. കാരണം അറബി ഭാഷയിലുള്ള 35 ഇന മത്സരങ്ങളിലും മറ്റാര്‍ക്കും പങ്കെടുക്കാന്‍ കഴിയില്ല. കാരണം അവരൊന്നും അറബി പഠിച്ചിട്ടില്ല. എന്നാല്‍ ഇതേ വിഭാഗത്തിലുള്ളവര്‍ക്ക് മറ്റെല്ലാ മത്സരങ്ങളിലും പങ്കെടുക്കുകയും വിജയിച്ചാല്‍ ഗ്രേസ് മാര്‍ക്ക് നേടിയെടുക്കാനും കഴിയും. ഇത് വളരെ വ്യക്തമാകുക കലോത്സവം കഴിഞ്ഞ് റിസള്‍ട്ട് വരുന്ന സമയത്താണ്. തലശ്ശേരിയില്‍ നടക്കുന്ന ജില്ലാ കലോത്സവം ഇന്ന് സമാപിക്കും. അടുത്ത മാസം സംസ്ഥാന കലോത്സവം അരങ്ങേറുന്നത് കണ്ണൂരിലാണ്. അവിടെയും സ്ഥിതി വ്യത്യസ്തമാവുകയില്ല. ഉപരിപഠനത്തിന് ആവശ്യമായ മാര്‍ക്ക് നേടുകയാണ് ഇതിന്റെ യഥാര്‍ത്ഥ ലക്ഷ്യം. കഴിഞ്ഞ കാലത്ത് ധനാഢ്യരായ രക്ഷിതാക്കളുടെ മത്സരമാണ് സ്‌കൂള്‍ കലോത്സവങ്ങളില്‍ അരങ്ങേറിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഗ്രേസ് മാര്‍ക്ക് സംഘടിപ്പിക്കുന്നതിനുള്ള മത്സരമായി മാറിയിരിക്കുന്നു. അതിന് സമര്‍ത്ഥമായും നിശബ്ദമായും ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ നേരത്തെ തന്നെ ആവശ്യമായ കരുനീക്കങ്ങള്‍ നടത്തിയെന്ന് സംശയിക്കുന്നതില്‍ കുറ്റം പറയാനാവുമെന്ന് തോന്നുന്നില്ല.
















