മെല്‍ബണ്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നു മത്സര പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി. അവസാന കളിയില്‍ 117 റണ്‍സിനു ജയിച്ച് കംഗാരുക്കളുടെ പരമ്പര നേട്ടം. സ്‌കോര്‍: ഓസ്‌ട്രേലിയ – 264/8 (50), ന്യൂസിലന്‍ഡ് – 147 (36.1). സെഞ്ചുറിയുമായി പട നയിച്ച ഡേവിഡ് വാര്‍ണര്‍ (156) കളിയിലെയും പരമ്പരയുടെയും താരം.
ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത് വാര്‍ണറുടെ ഒറ്റയാള്‍ പോരാട്ടം. 128 പന്തില്‍ 13 ഫോറും നാലു സിക്‌സറും പറത്തി 156 റണ്‍സെടുത്തു വാര്‍ണര്‍. ട്രാവിസ് ഹെഡ് (37), ജോര്‍ജ് ബെയ്‌ലി (23), മാത്യു വെയ്ഡ് (14), ജയിംസ് ഫൗള്‍ക്‌നര്‍ (13) എന്നിവരും രണ്ടക്കം കണ്ടു. 18 എക്‌സ്ട്രാ റണ്ണും തുണ. കിവികള്‍ക്കായി ട്രെന്റ് ബൗള്‍ട്ട് മൂന്നും, മിച്ചല്‍ സാന്റ്‌നര്‍, ഗ്രാന്‍ഡ് ഹോം രണ്ട് വീതവും വിക്കറ്റെടുത്തു.
ഓസീസ് ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല കിവികള്‍ക്ക്. മാര്‍ട്ടിന്‍ ഗുപ്ടില്‍ (34) ടോപ് സ്‌കോറര്‍. ടോം ലഥം (28), കോളിന്‍ മണ്‍റോ (20) എന്നിവരും രണ്ടക്കം കണ്ടു. മൂന്നു വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസ് ബൗളര്‍മാരില്‍ തിളങ്ങി. പാറ്റ് കമ്മിന്‍സ്, ജയിംസ് ഫൗള്‍ക്‌നര്‍, ട്രാവിസ് ഹെഡ്ഡ് എന്നിവര്‍ക്ക് രണ്ടു വീതം വിക്കറ്റ്. ജോഷ് ഹെയ്‌സല്‍വുഡിന് ഒരു വിക്കറ്റ്.
















