ലണ്ടന്‍: യുവേഫ യുറോപ്പ ലീഗില്‍ ഇംഗ്ലീഷ് വമ്പന്മാര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റ് പ്രീ ക്വാര്‍ട്ടറില്‍. എ ഗ്രൂപ്പിലെ അവസാന മത്സരം ജയിച്ച് രണ്ടാം സ്ഥാനക്കാരായി യുണൈറ്റഡിന്റെ മുന്നേറ്റം. എഎസ് റോമ, ഫിയൊന്റീന, ഷാല്‍ക്കെ, സെനിത്, അത്‌ലറ്റിക് ക്ലബ്, അയാക്‌സ്, ഷാക്തര്‍, വിയ്യറയല്‍ ടീമുകളും മുന്നേറി. അതേസമയം, ഇറ്റാലിയന്‍ കരുത്തര്‍ ഇന്റര്‍ മിലാന്‍ പുറത്ത്.
അവസാന കളിയില്‍ സോറയെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കിയാണ് യുണൈറ്റഡ് മുന്നേറിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം ഹെന്റി മഖിത്രായന്‍, സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് എന്നിവര്‍ യുണൈറ്റഡിനായി സ്‌കോര്‍ ചെയ്തു. ഫെനര്‍ബാഷെ ഗ്രൂപ്പില്‍ ഒന്നാമത്, 13 പോയിന്റുണ്ട്. യുണൈറ്റഡിന് 12 പോയിന്റ്. ഫെയ്‌നൂര്‍ദിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഫെനര്‍ബാഷെ. ഗ്രൂപ്പ് ബിയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി അപോയലും, രണ്ടാമതായി ഒളിംപ്യക്കോസ് പിറ്യൂസും മുന്നേറി.
ഗ്രൂപ്പ് ഇയില്‍ അസ്ട്രായോട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങിയെങ്കിലും 12 പോയിന്റോടെ ഒന്നാമതായി മുന്നേറി റോമ. എട്ടു പോയിന്റുള്ള അസ്ട്രയും നോക്കൗട്ടില്‍. ഗ്രൂപ്പ് ജെയില്‍ ക്വരാബാഗിനെ കീഴടക്കി ഫിയൊന്റീനയുടെ മുന്നേറ്റം (2-1). 13 പോയിന്റായി ടീമിന്. 10 പോയിന്റുള്ള പിഎഒകെയും മുന്നേറി.
ഗ്രൂപ്പ് ഐയില്‍ അവസാന കളിയില്‍ തോറ്റെങ്കിലും ഷാല്‍ക്കെ മുന്നേറി. 15 പോയിന്റുമായി ഒന്നാമത്. സാല്‍സ്ബര്‍ഗിനോട് എതിരില്ലാത്ത രണ്ടു ഗോളിനാണ് ജര്‍മന്‍ ടീം തോറ്റത്. ഏഴു പോയിന്റുമായി ക്രാസന്‍ഡര്‍ രണ്ടാമത്. സാല്‍സ്ബര്‍ഗിനും ഏഴു പോയിന്റെങ്കിലും നേര്‍ക്കുനേര്‍ പോരാട്ടത്തിലെ മുന്‍തൂക്കം ക്രാസന്‍ഡറിന് തുണയായി.
ഗ്രൂപ്പ് കെയിലെ അവസാന കളിയില്‍ സ്പാര്‍ട്ട പ്രാഹയെ കീഴടക്കിയെങ്കിലും ഇന്റര്‍ മിലാന് തിരിച്ചടി. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഇന്റര്‍ ജയിച്ചത്. 12 പോയിന്റുള്ള സ്പാര്‍ട്ട ഒന്നാമതായി മുന്നേറിയപ്പോള്‍, എട്ടു പോയിന്റുള്ള ഹാവൊപല്‍ രണ്ടാമതായി പ്രീ ക്വാര്‍ട്ടറില്‍. സതാംപ്ടണിനും എട്ടു പോയിന്റെങ്കിലും നേര്‍ക്കുനേര്‍ പോരാട്ടത്തിലെ മുന്‍തൂക്കം ഹാവൊപലിനു തുണ. ഇന്റര്‍ അവസാന സ്ഥാനത്ത്.
സെന്റ് എറ്റെയ്ന്‍, ആന്‍ഡെര്‍ലെക്റ്റ്, സെനിത്, എഇഎസഡ്, അത്‌ലറ്റിക് ക്ലബ്, ജെങ്ക്, അയാക്‌സ്, സെല്‍റ്റ ഡി വിഗൊ, ഷാക്തര്‍ ഡോണെറ്റ്‌സ്‌ക്, ജെന്റ്, ഒസ്മാന്‍ലിസ്‌പോര്‍, വിയ്യറയല്‍ ടീമുകളും പ്രീ ക്വാര്‍ട്ടറില്‍.
















