മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തില്‍ മുന്നിലെത്താമെന്ന നിലവിലെ ജേതാക്കള്‍ റയല്‍ മാഡ്രിഡിന്റെ പ്രതീക്ഷ ബൊറൂസിയ ഡോര്‍ട്ടമുണ്ട് തകര്‍ത്തു. മാഡ്രിഡില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷം സമനില വഴങ്ങി റയല്‍. മറ്റു കളികളില്‍ യുവന്റസ് ജയം കണ്ടപ്പോള്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ലെസ്റ്റര്‍ സിറ്റിക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വി. എഫ്‌സി പോര്‍ട്ടൊയോട് എതിരില്ലാത്ത അഞ്ചു ഗോളിന് തോറ്റു ലെസ്റ്റര്‍.
ഗ്രൂപ്പ് എഫില്‍ ചാമ്പ്യനാകാനുള്ള പോരില്‍ കരിം ബെന്‍സമയുടെ ഇരട്ട ഗോളില്‍ മുന്നിലെത്തിയ ശേഷമാണ് റയല്‍ കുരുങ്ങിയത്. 28, 53 മിനിറ്റുകളില്‍ ബെന്‍സമ സ്‌കോര്‍ ചെയ്തു. 60ാം മിനിറ്റില്‍ പോള്‍ ഔബമേയങ്ങും 88ാം മിനിറ്റില്‍ മാര്‍ക്കോ റ്യൂസും ബൊറുസിയയ്‌ക്കായി ലക്ഷ്യം കണ്ടു. ആറു കളികളില്‍ 14 പോയിന്റുമായി ജര്‍മന്‍ ടീം ഒന്നാമതെത്തിയത്. റയലിന് 12 പോയിന്റ്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ലെഗിയ വാഴ്‌സ എതിരില്ലാത്ത ഒരു ഗോളിന് സ്‌പോര്‍ട്ടിങ് സിപിയെ തോല്‍പ്പിച്ചു. ഗ്യുല്‍ഹെമാണ് ലെഗിയയ്‌ക്കായി സ്‌കോര്‍ ചെയ്തത്. ജയത്തോടെ ലെഗിയ ഗ്രൂപ്പില്‍ മൂന്നാമതെത്തി യുറോപ്പ ലീഗില്‍ കളിക്കാന്‍ യോഗ്യത നേടി.
ഗ്രൂപ്പ് എച്ചില്‍ ഡൈനാമോ സാഗ്രെബിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച് ഗ്രൂപ്പില്‍ ഒന്നാമതെത്തി യുവന്റസ്. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം ഗൊണ്‍സാലൊ ഹിഗ്വെയ്ന്‍ (52), ഡാനിയേല റുഗാനി (73) എന്നിവരാണ് യുവന്റസിനായി ലക്ഷ്യം കണ്ടത്. ആറു കളികളില്‍ 14 പോയിന്റുമായി ഇറ്റാലിയന്‍ ടീം ഒന്നാമതെത്തിയത്. ഒളിമ്പിക് ലിയോണിനെതിരെ ഗോള്‍രഹിത സമനിലയില്‍ കുരുങ്ങിയെങ്കിലും 11 പോയിന്റോടെ രണ്ടാമതെത്തിയ നിലവിലെ യുറോപ്പ ജേതാക്കള്‍ സെവിയ്യയും നോക്കൗട്ടിലേക്കു മുന്നേറി. ലിയോണിന് യുറോപ്പയില്‍ കളിക്കാം.
ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ ലെസ്റ്റര്‍ സിറ്റിക്ക് ഗ്രൂപ്പ് ജിയിലെ അവസാന കളി നിരാശയുടേതായി. പോര്‍ട്ടൊയില്‍ ആതിഥേയര്‍ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ലെസ്റ്ററിനെ തുരത്തിയത്. എങ്കിലും 13 പോയിന്റുമായി ഒന്നാമതുണ്ട് ഇംഗ്ലീഷ് ടീം. ജയത്തോടെ 11 പോയിന്റിലേക്കുയര്‍ന്ന പോര്‍ട്ടൊ രണ്ടാമന്മാരായി നോക്കൗട്ട് ഉറപ്പിച്ചു. ആന്ദ്രെ സില്‍വയുടെ ഇരട്ട ഗോള്‍ ജയത്തിന്റെ പകിട്ട്. ആറ്, 64 മിനിറ്റുകളില്‍ സില്‍വ ലക്ഷ്യം കണ്ടു. ജീസസ് കൊറോണ (26), യാസിന്‍ ബ്രാഹിമി (44), ഡീഗൊ ജോറ്റ (77) എന്നിവരും ലെസ്റ്ററിന്റെ ആധി കൂട്ടി. ക്ലബ് ബ്രൂഗെയെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കി കോബെന്‍ഹാവെന്‍ മൂന്നാം സ്ഥാനക്കാരായി യുറോപ്പയിലേക്കു മുന്നേറി. മെച്ചെലെയുടെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ അവര്‍ ജോര്‍ഗെന്‍സണിലൂടെ വിജയമുറപ്പിച്ചു.
ഗ്രൂപ്പ് ഇയില്‍ ജയത്തോടെ ബെയര്‍ലെവര്‍കൂസന്‍ രണ്ടാമതായി മുന്നേറി. ഒന്നാം സ്ഥാനത്തുള്ള ഫ്രഞ്ച് ടീം മൊണാക്കൊയെ എതിരില്ലാത്ത മൂന്നു ഗോളിന് കീഴടക്കി ജര്‍മന്‍ ടീം. വ്‌ളാദെന്‍ യുറാചെങ്കൊ ജൂലിയന്‍ ബ്രാന്‍ഡ്റ്റ് എന്നിവരുടെ ഗോളും ഡി സാന്റിക്‌സിന്റെ സെല്‍ഫ് ഗോളുമാണ് ലെവര്‍കൂസന് ജയമൊരുക്കിയത്. മൊണാക്കൊയ്‌ക്ക് 11, ലെവര്‍കൂസന് 10 പോയിന്റ്. ജര്‍മന്‍ ടീമിന്റെ ജയം പ്രീമിയര്‍ ലീഗ് ടീം ടോട്ടനം ഹോട്‌സ്പറിന്റെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ അവസാനിപ്പിച്ചു. സിഎസ്‌കെഎ മോസ്‌കോയെ ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പ്പിച്ചെങ്കിലും യുറോപ്പ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു അവര്‍ക്ക്. ദലെ അലി, ഹാരി കെയ്ന്‍ എന്നിവരുടെ ഗോളും അകിന്‍ഫീവിന്റെ സെല്‍ഫ് ഗോളുമാണ് ടോട്ടനത്തിന് തുണയായത്. സാഗ്യോവ് സിഎസ്‌കെഎയുടെ ആശ്വാസം.
















