കരിവെളളൂര്‍: 14 വര്‍ഷങ്ങള്‍ക്ക് ശേഷം 2017 ജനുവരി 7 മുതല്‍ 12 വരെ നടക്കുന്ന കരിവെള്ളൂര്‍ ആദിമുച്ചിലോട്ട് പെരുങ്കളിയാട്ട മഹോത്സവത്തിന്റെ പാലക്ക് കുറിയിടല്‍ ചടങ്ങും കന്നിക്കലവറക്ക് കുറ്റിയടിക്കല്‍ ചടങ്ങും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. കന്നിക്കലവറ, നാലിലപ്പന്തല്‍ എന്നിവയുടെ തൂണുകളും വാതിലുകളും പുതിയ പാലമരം കൊണ്ടുതന്നെ നിര്‍മ്മിക്കണമെന്നുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ ആചാരസ്ഥാനീകര്‍ പാലമരത്തിന് കൂറിയിട്ട് മുറിക്കുന്നതിനുള്ള ആദ്യചടങ്ങാണിത്. സൂര്യരശ്മിയേല്‍ക്കാത്ത നിലയില്‍ ഓലകൊണ്ട് കെട്ടിയാണ് കന്നിക്കലവറ നിര്‍മ്മിക്കുന്നത്. വരച്ചുവെക്കല്‍ ചടങ്ങോടെ ഭഗവതിയുടെ നിത്യ സാന്നിധ്യം പ്രസ്തുത കന്നിക്കലവറയിലുണ്ടാകും. ക്ഷേത്രം ജന്മാശാരിയായ കുറ്റിക്കാരന്‍ പരികര്‍മ്മികളുടേയും ആചാരസ്ഥാനികരുടെയും ക്ഷേത്രം വാല്യക്കാരുടെയും സാന്നിദ്ധ്യത്തില്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ കന്നിക്കലവറക്ക് കുറ്റിയടിച്ചു.
















