അഞ്ചരക്കണ്ടി: സിപിഎം ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ജോലി ചെയ്യാനാവാതെ കഷ്ടപ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കുടുംബത്തിന് സംഘപ്രവര്‍ത്തകരുടെ കൂട്ടായ്‌മയില്‍ പുതിയ വീട് നിര്‍മ്മിച്ചുനല്‍കി. കണ്ണൂര്‍ അഞ്ചരക്കണ്ടിക്കടുത്ത് കണ്ണാടിവെളിച്ചത്തെ ഉദയകുമാറിന്റെ കുടുംബത്തിനാണ് സംഘപ്രവര്‍ത്തകര്‍ വീട് സമര്‍പ്പിച്ചത്. കഴിഞ്ഞ ജനുവരി മാസമാണ് സിപിഎം സംഘം കണ്ണാടിവെളിച്ചത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനും ബസ് െ്രെഡവറുമായ ഉദയകുമാറിന്റെ ശരീരം ബസ്സില്‍ക്കയറി വെട്ടിനുറുക്കിയത്. ആറ് മാസക്കാലം ചികിത്സ നടത്തിയെങ്കിലും കൈകളുയര്‍ത്താനോ എന്തെങ്കിലും ജോലികള്‍ ചെയ്യാനോ ഉദയകുമാറിന് കഴിയില്ല. ഒറ്റമുറിവീട്ടില്‍ പ്രാരബ്ധങ്ങളുമായി കഴിഞ്ഞിരുന്ന അദ്ദേഹത്തിന് പുതിയ വീട് നിര്‍മ്മിച്ചുനല്‍കാന്‍ പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ഇവര്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി നിര്‍വ്വഹിച്ചു.
ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന ഉദയകുമാറിന്റെ കുടുംബത്തിന് താങ്ങായി കണ്ണാടിവെളിച്ചത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടെത്തന്നെയുണ്ട്. അക്രമം നടന്നിട്ട് ഒരു വര്‍ഷം തികയാറായിട്ടും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് ഈ പ്രദേശത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കുമെന്ന ആശങ്കയിലാണ് സംഘപ്രവര്‍ത്തകര്‍.
















