ഉയരങ്ങള്‍ കീഴടക്കി റെക്കോഡുകള്‍ പുതുക്കുകയെന്നത് നിവ്യ ആന്റണിയുടെ ഹരമാണ്. സിഞ്ചു പ്രകാശിനും മരിയ ജയ്‌സണും ശേഷം കേരളം രാജ്യത്തിന് നല്‍കിയ ഏറ്റവും മികച്ച പോള്‍വോള്‍ട്ടറാണ് നിവ്യ. അത് സാധൂകരിക്കുന്ന രീതിയിലായിരുന്നു ഇന്നലത്തെ പ്രകടനം. റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുമ്പോള്‍ വെല്ലുവിളിക്കാന്‍ ആരുമുണ്ടായില്ല. പിന്നീട് സ്വന്തം പ്രകടനത്തോടായിരുന്നു നിവ്യയുടെ വെല്ലുവിളി.
ഇന്നലെ 3.45 മീറ്ററാണ് നിവ്യ ചാടിയത്. ഈ ശ്രമത്തിനിടെ ആദ്യ രണ്ട് ശ്രമങ്ങളും പാഴായെങ്കിലും മൂന്നാം ശ്രമത്തില്‍ കറതീര്‍ന്ന കുതിപ്പിലൂടെ 3.45 മീറ്റര്‍ അനായാസം മറികടന്നു. തുടര്‍ന്ന് 3.50 മറികടക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നാം ശ്രമവും ഫൗളില്‍ കലാശിച്ചു. കല്ലടി കുമരംപുത്തൂര്‍ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നിവ്യ.
നിവ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ മറ്റു താരങ്ങളെല്ലാം മത്സരം അവസാനിപ്പിച്ചിരുന്നു. 2.70 മീറ്റര്‍ ഉയരത്തിലാണ് നിവ്യ ആരംഭിച്ചതുതന്നെ. അപ്പോഴേക്കും എതിര്‍താരങ്ങള്‍ അവര്‍ക്ക് നിശ്ചയിച്ച ഉയരങ്ങളില്‍ പരാജിതരായിരുന്നു. വെള്ളി നേടിയ, മാര്‍ബേസില്‍ കോതമംഗലത്തിന്റെ ബ്ലെസി കുഞ്ഞുമോന്‍ 2.50 മീറ്റര്‍ ഉയരം മാത്രമാണ് മറികടന്നത്.
ഓടിയടുക്കുന്ന വേഗത്തിന്റെ ശക്തികൂട്ടിയതാണ് വിജയത്തിന് പിന്നിലെന്ന് പരിശീലകന്‍ സതീഷ് കുമാര്‍. നേട്ടത്തിന് പിന്നില്‍ പരിശീലകന്റെ നിര്‍ദേശങ്ങള്‍ മാത്രമായിരുന്നുവെന്ന് നിവ്യ. ഈ വിജയം അദ്ദേഹത്തിന് സമര്‍പ്പിക്കുന്നതായും കണ്ണൂര്‍ കൂത്തുപറമ്പുകാരി പറയുന്നു. പാലാ ജംപ്‌സ് അക്കാദമിയിലാണ് പരിശീലനം.
















