വാഷിങ്‌ടൺ: ഉത്തര കൊറിയയിലെ 16 കമ്പനികളെയും ഏഴ് വ്യക്തികളെയും അമേരിക്ക കരിമ്പട്ടികയിൽപ്പെടുത്തി. യുഎസ് ട്രഷറി അണ്ടർ സെക്രട്ടറി ആദം ഷുബിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആണവ മിസൈൽ പരീക്ഷണങ്ങളുമായി ബന്ധമുള്ള വ്യക്തികളെയും കമ്പനികളെയുമാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉത്തരകൊറിയൻ മിനിസ്ട്രി ഓഫ് അറ്റോമിക് ഏനർജി ഇൻഡസ്ട്രിയിലെ ഉദ്യോഗസ്ഥരും ഭരണ കക്ഷിയായ വർക്കേഴ്‌സ് പാർട്ടി ഓഫ് കൊറിയയിലെ അംഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
എയർ കൊറിയോ, നോർത്ത് കൊറിയാസ് നാഷണൽ കരിയർ എന്നിവയുൾപ്പെടെയുള്ള കമ്പനികളുമാണ് പട്ടികയിലുൾപ്പെട്ടത്. കൂടാതെ കോൾ, മെറ്റൽ മേഖലയ്‌ക്ക് സഹായം നൽകിവരുന്ന ആറ് ഫൈനാൻസ് കമ്പനികളെയും കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. കരിമ്പട്ടികയിൽ ഉൾപ്പെട്ട മൂന്നുപേർ ഐക്യരാഷ്‌ട്രസഭ അംഗീകരിച്ച യാത്രാവിലക്ക് അടക്കമുള്ള ഉപരോധങ്ങളിൽപ്പെട്ടവരാണെന്ന് ആദം ഷുബിൻ വ്യക്തമാക്കി.
















