ബംഗ്ലൂരു: വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്ലബായ ചാപ്കൊയെന്‍സിന്റെ കോച്ച് കായൊ ജൂനിയറിനെ ഇന്ത്യയിലേയ്‌ക്ക് കൊണ്ട് വരാന്‍ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ റോബേര്‍ട്ടോ മെഡസ് സില്‍വ ശ്രമിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്.
നവംബര്‍ 29നുണ്ടായ വിമാനാപകടത്തില്‍ മറ്റ് ഫുട്‌ബോള്‍ താരങ്ങള്‍ക്കൊപ്പം കായൊ മരിച്ചെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ബ്രസിലില്‍ യൂത്ത് തലത്തില്‍ കളിക്കുമ്പോള്‍ കായൊ ആയിരുന്നു തന്റെ കോച്ച്. അതിലുപരിയായി കഴിഞ്ഞ വര്‍ഷം വരെ അദ്ദേഹവുമായി ആശയവിനിമയമുണ്ടായിരുന്നെന്നും സില്‍വ വ്യക്തമാക്കുന്നു. ദുബായില്‍ കായൊ കോച്ചായി പ്രവര്‍ത്തിക്കുന്ന കാലത്ത് ഫുട്‌ബോള്‍ സംബന്ധമായ ചില കാര്യങ്ങള്‍ക്കായി താന്‍ ദുബായിലുണ്ടായിരുന്നെന്നും സില്‍വ ഓര്‍മ്മിക്കുന്നു.
ദൂബായില്‍ വച്ചാണ് താന്‍ കായൊയോട് ഐഎസ്എല്ലിന്റെ ഏതെങ്കിലും ഫ്രാഞ്ചൈസി ടീമില്‍ കോച്ചായി പ്രവര്‍ത്തിക്കുന്നതിന് ഇന്ത്യയിലെത്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു പുഞ്ചിരി മാത്രമായിരുന്നു കായൊയുടെ പ്രതികരണമെന്നും സില്‍വ പറഞ്ഞു. ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ശേഷം സ്‌പോര്‍ട്ട്‌സ് കമ്പനി നടത്തി വരികയാണ് ബീറ്റോ എന്ന് അറിയപ്പെടുന്ന റോബെര്‍ട്ടോ സില്‍വ.
















