ബൊഗോഡൊ: ബൊളീവിയിയില്‍ നിന്നും മെഡലിനേയ്‌ക്ക് പോകുന്നതിനിടെ തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. വിമാനം തകര്‍ന്നുവീണ കൊളമ്പിയന്‍ പര്‍വ്വതങ്ങളില്‍ നിന്നാണ് ബ്ലാക്ക് ബോക്‌സും കോക്പിറ്റ് വോയിസ് റെക്കോര്‍ഡ് ഉള്‍പ്പടെയുള്ളവ കണ്ടെത്തിയത്. ഇവയിലെ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്.
72 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ബ്രസീലിലെ ചാപ്‌കൊയെന്‍ പ്രാദേശിക ഫുട്‌ബോള്‍ ക്ലബ്ബിലെ അംഗങ്ങളാണ് അപകടത്തില്‍മരിച്ചവരില്‍ ഭൂരിഭാഗവും. കോപ്പ സുഡ അമേരിക്കാന ഫൈനലില്‍ പങ്കെടുക്കുന്നതിനായി സ്വകാര്യ വിമാനമായ ലാമിയയില്‍ യാത്ര ചെയ്യുകയായിരുന്നു ഇവര്‍. കൊളംബിയ നഗരത്തില്‍ നിന്നും 50 കിലോമീറ്റര്‍ ദൂരെയായി സെറോ ഗോര്‍ദോയിലാണ് വിമാനം തകര്‍ന്നുവീണത്.
അതിനിടെ അപകടത്തില്‍ നാലു കളിക്കാര്‍ ഉള്‍പ്പടെ ആറുപേര്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് മൂന്നു ദിവസത്തെ ദുഃഖാചരണത്തിന് ബ്രസീല്‍ പ്രസിഡന്റ് മിഷേല്‍ ടെമര്‍ ഉത്തരവിട്ടു.
















