കല്‍പ്പറ്റ: യു.ഡി.എഫിലെ ധാരണ പ്രകാരം കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ ഭരണമാറ്റത്തിന് വഴിയൊരുങ്ങി. നിലവില്‍ ജനതാദള്‍-യു (ജെ.ഡി.യു.) പ്രതിനിധി ബിന്ദു ജോസാണ് ചെയര്‍പേഴ്‌സണ്‍. യു.ഡി.എഫ്. ധാരണ പ്രകാരം അടുത്ത രണ്ടു വര്‍ഷത്തേക്ക് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലീഗിന് നല്‍കും. അടുത്ത മൂന്നുവര്‍ഷത്തേക്ക് വൈസ്‌ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിനും നല്‍കും. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും വച്ചുമാറാന്‍ തീരുമാനിച്ചിട്ടുണ്ട്. ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ്, വൈസ് ചെയര്‍മാന്‍ എ.പി. ഹമീദ് എന്നിവര്‍ ഇന്ന് രാവിലെ 11.30 ഓടെ തല്‍ സ്ഥാനങ്ങള്‍ രാജിവെക്കുമെന്ന് യു.ഡി.എഫ്. നേതാക്കള്‍ അറിയിച്ചു. ചെയര്‍പേഴ്‌സണനായി ലീഗ് അംഗം ഉമൈബ മൊയ്തീന്‍കുട്ടിയെയാണ് നിശ്ചയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അംഗം പി.പി. ആലി വൈസ് ചെയര്‍മാനാകും. രണ്ടു വര്‍ഷത്തിനു ശേഷം ചെയര്‍പേഴ്‌സണ്‍ സ്ഥാനം കോണ്‍ഗ്രസിനും വൈസ്‌ചെയര്‍മാന്‍ സ്ഥാനം ദളിനും നല്‍കും. നിലവില്‍ ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്‍മാനാണ് പി.പി. ആലി. വൈസ് ചെയര്‍മാനായി സ്ഥാനമേല്‍ക്കണമെങ്കില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി സ്ഥാനം രാജിവെക്കണം. ആ സാഹചര്യത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ലീഗ് പ്രതിനിധി എ.പി. ഹമീദിന് നല്‍കാനാണ് തീരുമാനം. ലീഗ് പ്രതിനിധി ഒ. സരോജിനിയാണ് നിലവില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍. അവരെക്കൊണ്ട് തല്‍ സ്ഥാനം രാജിവെയ്‌പിച്ച് ആ സ്ഥാനം ബിന്ദു ജോസിന് നല്‍കും. 28 അംഗ കൗണ്‍സിലാണ് മുനിസിപ്പാലിറ്റിയിലുള്ളത്. ലീഗ് -അഞ്ച്, കോണ്‍ഗ്രസ്- എട്ട്,ജെ.ഡി.യു.-രണ്ട്, എല്‍.ഡി.എഫ്. 12, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് കക്ഷിനില.
















