ചേര്‍ത്തല: കടക്കരപ്പള്ളി പടിഞ്ഞാറേ കൊട്ടാരം ധര്‍മശാസ്താ ക്ഷേത്രത്തിലെ അയ്യപ്പമഹാസത്രത്തിന് ഡിസംബര്‍ രണ്ടിന് തുടക്കമാകും. വൈകിട്ട് ആറിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. തിലോത്തമന്‍ അദ്ധ്യക്ഷത വഹിക്കും.
ശബരിമലയുടെ തനിപകര്‍പ്പ് സത്രവേദിയില്‍ ഒരുക്കിയ ശില്‍പ്പി രതീഷ് ബാബുവിനെ ഉദ്ഘാടന ചടങ്ങില്‍ ആദരിക്കും. പത്തുദിവസം നീളുന്ന സത്രത്തോടനുബന്ധിച്ച് വിദ്വല്‍ സദസുകള്‍ ഒരുക്കിയിട്ടുണ്ട്. അയ്യപ്പനും ശാസ്താ സങ്കല്‍പ്പവും, മഹിഷിയും മാളികപ്പുറവും, ഭക്തിയുടെ ഒന്‍പത് തലങ്ങള്‍, ക്ഷേത്രാരാധനയുടെ ശാസ്ത്രീയത തുടങ്ങിയ വിഷയങ്ങളെകുറിച്ച് പ്രഭാഷണവും നടക്കും.
സത്രവേദിയിലേക്കുള്ള ഗ്രന്ഥവും കൊടുക്കൂറയും വഹിക്കുന്ന രഥഘോഷയാത്ര ഗുരുവായൂരില്‍ ക്ഷേത്രം തന്ത്രി ഡോ. ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ജില്ലാ കളക്ടര്‍ കൗശിക് പറ നിറച്ച് സ്വീകരണം നല്കി.
















