പേരൂര്‍ക്കട: കേരളാ വാട്ടര്‍ അതോറിറ്റി എംഡിയെ സര്‍ക്കാര്‍ പൊടുന്നനെ സ്ഥലം മാറ്റിയത് കുടിവെള്ള വിതരണമേഖലയെ ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തല്‍. എംഡിയായിരുന്ന അജിത്ത് പാട്ടീലിനെയാണ് സര്‍ക്കാര്‍ തുറമുഖ വകുപ്പ് ഡയറക്ടറായി സ്ഥലം മാറ്റിയത്. സര്‍ക്കാരിന്റെ ഇംഗിതത്തിന് എംഡി വഴങ്ങുന്നില്ല എന്ന കാരണത്താലാണ് സ്ഥലംമാറ്റമെന്നാണ് ജീവനക്കാരുടെ പക്ഷം. പുതിയ എംഡി മലപ്പുറം കളക്ടറായ ഷൈനാമോള്‍ ആണ്.
വാട്ടര്‍ അതോറിറ്റിയെന്ന ബൃഹത്തായ സ്ഥാപനത്തെക്കുറിച്ച് പഠിക്കുന്നതിനുതന്നെ ഒരു വര്‍ഷത്തോളമെടുക്കും. ഇതിനു പരിചയസമ്പന്നരായ ഉദ്യോഗസ്ഥര്‍ തന്നെ വേണം. വരുന്ന അഞ്ച് വര്‍ഷത്തേക്ക് സര്‍ക്കാര്‍ ചില പദ്ധതികള്‍ വിഭാവനം ചെയ്തിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനത്തിനിടെയാണ് എംഡിയെ സ്ഥലം മാറ്റിയത്.
നിലവില്‍ മഴയുടെ അളവ് കുറഞ്ഞിരിക്കുന്നതിനാല്‍ കേരളം വരള്‍ച്ചയിലേക്ക് പോകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇതു നേരിടാന്‍ വാട്ടര്‍ അതോറിറ്റിയെ സജ്ജമാക്കേണ്ടതുണ്ട്. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിനു മാത്രമേ ഇതിനു സാധിക്കുകയുള്ളൂവെന്നാണ് ജീവനക്കാരുടെ പക്ഷം. എംഡിക്കു താഴെയുള്ള ടെക്നിക്കല്‍ മെമ്പര്‍, സീനിയറായ ചീഫ് എന്‍ജിനീയറെ മറികടന്ന് സ്ഥാനക്കയറ്റം നേടിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് അംഗമായ അക്കൗണ്ട്‌സ് മെമ്പര്‍ തസ്തികയില്‍ ആരും തന്നെയില്ല. അതോറിറ്റിയുടെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്ന ബോര്‍ഡ് പുതിയ ഗവണ്‍മെന്റ്് വന്നതിനുശേഷം പുന:സംഘടിപ്പിച്ചിട്ടില്ല.
നൂറോളം അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ ഒഴിവുകള്‍ അതോറിറ്റിയിലുണ്ട്. സെക്ഷന്‍ ഓഫീസുകള്‍ നാഥനില്ലാക്കളരിയാണ്. അതോറിറ്റിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയുള്ള വി.ജെ. കുര്യന്‍ 2017 ഫെബ്രുവരിയില്‍ വിരമിക്കും. കുടിവെള്ള കുടിശിക പിരിച്ചെടുക്കുന്നതിനും അതോറിറ്റിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും നിലവിലുള്ള എംഡി ഭേദപ്പെട്ട നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. ഇതിനിടെയാണ് വാട്ടര്‍അതോറിറ്റിയുടെ തലപ്പത്ത് അഴിച്ചുപണി നടത്തിയിരിക്കുന്നത്.
















