കൗലൂണ്‍ (ഹോങ്കോങ്ങ്): ഹോങ്കോങ്ങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യക്ക് ഇരട്ട ഫൈനല്‍. പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ്മയും വനിതാ വിഭാഗത്തില്‍ പി.വി. സിന്ധുവുമാണ് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്.
ചരിത്രത്തിലാദ്യമായാണ് സമീര്‍ ഒരു സൂപ്പര്‍ സീരീസിന്റെ ഫൈനലിലേക്ക് യോഗ്യത നേടുന്നത്. സെമിഫൈനലില്‍ മൂന്നാം സീഡും മൂന്നാം റാങ്കുകാരനുമായ ഡെന്മാര്‍ക്ക് താരം യാന്‍ ഒ യൊര്‍ഗേന്‍സണെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് അട്ടിമറിച്ചാണ് സമീര്‍ വര്‍മ്മ കരിയറിലെ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
ലോക റാങ്കില്‍ 43-ാം സ്ഥാനത്തുള്ള സമീര്‍ 46 മിനിറ്റിനുള്ളിലാണ് യൊര്‍ഗേന്‍സെനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-19, 24-22. കഴിഞ്ഞയാഴ്ച ചൈനീസ് ഓപ്പണ്‍ സൂപ്പര്‍ സീരിസിലെ ചാമ്പ്യനാണ് യോര്‍ഗേന്‍സന്‍.
ആദ്യ ഗെയിമില്‍ 7-2ന് മുന്നിലായ സമീര്‍ ആ മുന്‍തൂക്കം നിലനിര്‍ത്തി 21-19ന് ഗെയിം സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ രണ്ടാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നു. ഒരു ഘട്ടത്തില്‍ യൊര്‍ഗേന്‍സെന്‍ രണ്ടാം ഗെയിം പിടിക്കുമെന്ന് തോന്നിച്ചെങ്കിലും സമീര്‍ വിട്ടു കൊടുക്കാതെ പൊരുതിയാണ് ഫൈനല്‍ സ്വന്തമാക്കിയത്. കലാശപ്പോരാട്ടത്തില്‍ ആതിഥേയ താരം ആന്‍ഗസ് ലോങാണ് എതിരാളി. ഇതിനു മുമ്പ് ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് വെങ്കലും ഒരു വെള്ളിയും 2011ലെ യൂത്ത് കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും സമീര്‍ വര്‍മ്മ നേടിയിട്ടുണ്ട്.
വനിതാ സിംഗിള്‍സില്‍ ആതിഥേയ താരം ച്യുങ് നാന്‍ യിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് സിന്ധു തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ സീരീസിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയത്. 46 മിനിറ്റ് നീണ്ട സെമിയില്‍ 21-14, 21-16 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. സിന്ധു നേരത്ത ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം നേടിയിരുന്നു. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ സ്‌പെയിനിന്റെ കരോലിന മാരിനെ അട്ടിമറിച്ചെത്തുന്ന ചൈനീസ് തായ്‌പേയിയുടെ നാലാം സീഡ് തായ് സു യിങാണ് സിന്ധുവിന്റെ എതിരാളി.
















