ഹവാന: ക്യൂബൻ വിപ്ലവ നേതാവ് ഫിദൽ കാസ്ട്രോ(90) അന്തരിച്ചു. ക്യൂബൻ ടെലിവിഷനാണ് മരണ വിവരം പുറത്തു വിട്ടത്. ക്യൂബൻ പ്രാദേശിക സമയം ഏഴ് മണിയോടെയാണ് മരണം സംഭവിച്ചത്. ഏറെ നാളായി രോഗബാധിതനായിരുന്നു കാസ്ട്രോ.
ഇപ്പോഴത്തെ ക്യൂബൻ ഭരണാധികാരിയും ഫിദലിന്റെ സഹോദരനുമായ റൗൾ കാസ്ട്രോയാണ് ഔദ്യോഗിക ടെലിവിഷനിലൂടെ മരണ വിവരം അറിയിച്ചത്. കമ്യൂണിസ്റ്റ് വിപ്ലവകാരിയും പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനുമായിരുന്നു ഫിദൽ.1926 ഓഗസ്റ്റ് 13-നു ജനിച്ചു. 1959-ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ചെഗുവേരയോടൊപ്പം ക്യൂബൻ വിപ്ലവത്തിലൂടെ ഫിദൽ അധികാരത്തിലെത്തി.
ആറുവട്ടം ക്യൂബയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഫിദൽ കാസ്ട്രോ. പിന്നീട് ആരോഗ്യ കാര്യങ്ങളാൽ സഹോദരൻ റൗൾ കാസ്ട്രോയ്‌ക്ക് അധികാരം കൈമാറി.
















