സൂറത്ത്: ദുരഭിമാന കൊലപാതകങ്ങൾ രാജ്യത്ത് പതിവായിക്കൊണ്ടിരിക്കുന്ന
ത് ഒരു കളങ്കമായിരിക്കുകയാണ്. ഇപ്പോൾ ഇതാ ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തതിനെ തുടർന്ന് വധ ഭീഷണി നേരിടുകയാണ് ഗുജറാത്തിലെ പത്താൻ ജില്ലയിലെ ഒരു ദളിത് കുടുംബം. ഇതിനെ തുടർന്ന് ആറ് പേരടങ്ങുന്ന കുടുംബം നാട് വീട്ടിരിക്കുന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
പത്താൻ ജില്ലയിലെ ദളിത് വിഭാഗത്തിൽപ്പെട്ട 21കാരനായ വിശാൽ ചാവ്‌ഡ, പട്ടേൽ വിഭാഗത്തിൽപ്പെട്ട ഖുശ്ബുവിനെ വിവാഹം ചെയ്തതിനു ശേഷമാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. സ്കൂൾ തലം തൊട്ടെ വിശാലും ഖുശ്ബുവും തമ്മിൽ പ്രണയത്തിലായിരുന്നു. തുടർന്ന് ഇരുവരും നവംബർ 15ന് അഹമ്മദാബാദിൽ വച്ച് വിവാഹിതരാവുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തു. അതേ സമയം ഖുശ്ബുവിന്റെയും സഹോദരിയുടെയും വിവാഹം നവംബർ 25ന് നടത്താൻ വീട്ടുകാർ നടത്താൻ നിശ്ചയിച്ചിരുന്നു.
വിശാൽ തന്റെ മകളെ കടത്തിക്കൊണ്ടു പോയി വിവാഹം ചെയ്തെന്ന് അറിഞ്ഞ ഖുശ്ബുവിന്റെ പിതാവ് ഗണപതി ഗംഗാറാം പട്ടേൽ, അമ്മാവൻ ജയന്തി കാശിറാം പട്ടേൽ, സഹോദരൻ രവിഭായ് ഗണപതി പട്ടേൽ എന്നിവർ വിശാലിന്റെ വസതിയിൽ എത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. നവംബർ 25ന് മുൻപായി തങ്ങളുടെ പെൺകുട്ടിയെ വിട്ടുകിട്ടിയില്ലെങ്കിൽ അടുത്ത ദിവസം കുടുംബത്തിലുള്ള എല്ലാവരെയും കൊന്നു കളയുമെന്നാണ് ഭീഷണിപ്പെടുത്തിയത്.
ഇതേ തുടർന്ന് വിശാലിന്റെ കുടുംബം തങ്ങളുടെ വീടും ബിസിനസും ഉപേക്ഷിച്ച് നാട് വിടുകയായിരുന്നു. പെൺകുട്ടിയെയും വിശാലിനെയും തിരിച്ച് കിട്ടിയാൽ ക്രൂരമായി മർദ്ദിച്ചതിനു ശേഷം കൊലപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് പ്രാഥമികമായി കിട്ടുന്ന വിവരം. ഇപ്പോൾ വിശാലും ഖുശ്ബുവും ദുരഭിമാനക്കൊലയെ പേടിച്ച് ഒളിച്ച് താമസിക്കേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്.
















