ന്യൂദല്‍ഹി: ഇന്ത്യയ്‌ക്ക് അവകാശപ്പെട്ട ജലം പാകിസ്ഥാനിലേക്ക് ഒഴുകാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന സിന്ധു നദിയിലെ ജലം രാജ്യത്തെ കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. കര്‍ഷകര്‍ക്ക് ആവശ്യമായ ജലം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യും. പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്സിന് (എയിംസ്) തറക്കല്ലിടുകയായിരുന്നു അദ്ദേഹം.
ഉറി ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനെതിരായ നിലപാട് ശക്തമാക്കുന്നതിന് സിന്ധു നദീജല കരാര്‍ പുനപരിശോധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് മോദിയുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. മുന്‍ സര്‍ക്കാരുകള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചില്ല.
പാക്കിസ്ഥാന്‍ ഇത് മുതലെടുത്തു. ഇനി അനുവദിക്കില്ല. കര്‍ഷകര്‍ക്ക് അവകാശപ്പെട്ടത് ലഭിക്കുമെന്ന് ഉറപ്പാക്കും. ഇന്ത്യ നടത്തിയ മിന്നലാക്രണത്തില്‍ നിന്ന് പാക്കിസ്ഥാന്‍ ഇനിയും മോചിതരായിട്ടില്ലെന്ന് മോദി പറഞ്ഞു.
















