ന്യൂദല്‍ഹി: നോട്ട് റദ്ദാക്കലില്‍ തുടര്‍ച്ചയായി സഭ സ്തംഭിപ്പിക്കുന്ന പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. കള്ളപ്പണം വെളുപ്പിക്കുന്നതിന് സമയം ലഭിക്കാത്തതിലെ വിരോധമാണ് വിമര്‍ശനത്തിന് പിന്നിലെന്ന് മോദി പറഞ്ഞു.
”സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കം നടത്തിയില്ലെന്നാണ് വിമര്‍ശനം. എന്നാല്‍ ഇതല്ല അവരുടെ പ്രശ്‌നം. കള്ളപ്പണം മാറ്റാന്‍ ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നതാണ് അവരുടെ യഥാര്‍ത്ഥ പ്രശ്‌നം”. ഭരണഘടനാദിനത്തോടനുബന്ധിച്ച് പാര്‍ലമെന്റ് ഹൗസ് അനക്‌സില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ മോദി ചൂണ്ടിക്കാട്ടി.
എല്ലാവര്‍ക്കും അവരവരുടെ പണം ചെലവഴിക്കാനുള്ള അവകാശമുണ്ട്. ഒരാള്‍ക്കും മറ്റൊരാളുടെ പണം കൈക്കലാക്കാനാവില്ല. ആര്‍ക്കും പണം നഷ്ടപ്പെടില്ല”. മന്‍മോഹന്‍ സിംഗിന്റെ ആരോപണം നിഷേധിച്ച് മോദി പറഞ്ഞു. ”ലോകം മാറുകയാണ്. കറന്‍സി രഹിത പണമിടപാടിലേക്ക് നമ്മളും മാറണം. പണവിനിമയത്തിന് സുതാര്യത വര്‍ദ്ധിപ്പിക്കാന്‍ ഡിജിറ്റല്‍ സംവിധാനം പരമാവധി വിനിയോഗിക്കണം.
കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ പൊരുതുന്ന സൈനികനായി സാധാരണക്കാര്‍ മാറി. ആപ്പിലൂടെ നടത്തിയ സര്‍വ്വെയില്‍ തീരുമാനത്തിന് ലഭിച്ച പിന്തുണ എടുത്തുപറഞ്ഞ മോദി സാധാരണക്കാര്‍ സര്‍ക്കാരിനൊപ്പമാണെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഭരണഘടനയുടെ പുതിയ പതിപ്പും ‘ഭരണഘടനയുടെ നിര്‍മ്മിതി’ എന്ന പുസ്തകവും അദ്ദേഹം പ്രകാശനം ചെയ്തു.
കഴിഞ്ഞ വര്‍ഷം മുതലാണ് നവംബര്‍ 25 ഭരണഘടനാ ദിനമായി ആഘോഷിക്കുന്നത്. ഭരണഘടനയെ സമകാലീന പശ്ചാത്തലത്തില്‍ അനുസ്മരിക്കണമെന്നും ഭരണഘടനയെ അനുസ്മരിക്കുമ്പോള്‍ അംബേദ്ക്കറെ കൂടിയാണ് അനുസ്മരിക്കുന്നതെന്നും മോദി വ്യക്തമാക്കി.
















