ദൽഹി: ഇന്ത്യൻ വനിതാ ബോക്സിങ് താരവും ഒളിമ്പിക്സ് വെങ്കലമെഡൽ ജേതാവുമായ മേരി കോമിന് അന്താരാഷ്‌ട്ര ബോക്സിങ് ഫെഡറേഷന്റെ ബഹുമതി. ബോക്സിങ് ലോകത്തെ പ്രധാനപ്പെട്ട ലെജന്റസ് പുരസ്‌കാരം നൽകിയാണ് കോമിനെ ആദരിക്കുന്നത്. ഡിസംബർ 20ന് നടക്കുന്ന അസോസിയേഷന്റെ എഴുപതാം വാർഷികാഘോഷവേളയിലാണ് പുരസ്‌കാരദാനം.
അഞ്ചുതവണ ലോകചാമ്പ്യനായ മേരി നിലവിൽ രാജ്യസഭ എംപി കൂടിയാണ്. അംഗീകാരത്തിൽ അതിയായ സന്തോഷമുണ്ടെന്നും അസോസിയേഷൻ പ്രസിഡന്റിനും ഭാരവാഹികൾക്കും നന്ദി പറയുന്നതായും അവർ പറഞ്ഞു. തനിക്ക് ലഭിച്ച ഈ അംഗീകാരം രാജ്യത്തെ യുവ ബോക്സിങ് താരങ്ങൾക്ക് പ്രചോദനമായിരിക്കുമെന്നും മേരി പറഞ്ഞു.
















