ലണ്ടന്‍: ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റനും ലിവര്‍പൂളിന്റെ ശക്തിദുര്‍ഗ്ഗവുമായിരുന്ന ലോകം കണ്ട ഏറ്റവും മികച്ച പ്ലേ മേക്കര്‍മാരില്‍ ഒരാളുമായ സ്റ്റീവന്‍ ജെറാര്‍ഡ് കാല്‍പ്പന്തുകളിയില്‍ നിന്ന് വിരമിച്ചു. കഴിഞ്ഞ വര്‍ഷം ലിവര്‍പൂളിനോട് വിടപറഞ്ഞ ജെറാര്‍ഡ് അമേരിക്കന്‍ ക്ലബ് ലോസ് ആഞ്ചലസ് ഗ്യാലക്‌സിക്കുവേണ്ടിയാണ് കളിച്ചത്. ഇതോടെ 19 വര്‍ഷത്തെ കരിയറിനാണ് അവസാനമായത്.
ദേശീയ ടീമിനായി 114 മത്സരങ്ങളില്‍ കളിച്ച ജെറാര്‍ഡ് കഴിഞ്ഞ ലോകകപ്പിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് ഇംഗ്ലണ്ട് ആദ്യ റൗണ്ടില്‍ പുറത്തായതിനെ തുടര്‍ന്നാണ് ക്യാപ്റ്റനായിരുന്ന താരം ദേശീയ ടീമില്‍ നിന്ന് വിരമിച്ചത്. ഏറ്റവും കൂടുതല്‍ തവണ ദേശീയ ടീമിനു വേണ്ടി കളിച്ചതില്‍ നാലാമനാണ് സ്റ്റീവന്‍ ജെറാര്‍ഡ്.
1998 മുതല്‍ ലിവര്‍പൂൡന്റെ താരമായ ജെറാര്‍ഡ് 710 മത്സരങ്ങളിലാണ് ബൂട്ടണിഞ്ഞത്. 186 ഗോളുകളും നേടി. 2003-ല്‍ ലിവര്‍പൂൡന്റെ നായകനായി.2004-05ലെ ചാമ്പ്യന്‍സ് ലീഗ് കിരീടം കൂടാതെ രണ്ട് എഫ്എ കപ്പ്, മൂന്ന് ലീഗ് കപ്പ്, യുവേഫ കപ്പും യുവേഫ സൂപ്പര്‍ കപ്പും ലിവര്‍പൂളിനു നേടിക്കൊടുത്ത ജെറാര്‍ഡിന് പക്ഷേ പ്രീമിയര്‍ ലീഗ് കിരീടംകിട്ടാക്കനിയായിരുന്നു.
2000ത്തിലാണ് ജറാര്‍ഡ് ഇംഗ്ലണ്ട് ദേശീയ ടീമിലേക്കെത്തുന്നത്. ഉക്രെയിനിനെതിരെ അരേങ്ങറ്റം. 2010-ല്‍ ഇംഗ്ലണ്ടിന്റെ നായകന്‍. മൂന്നു പ്രധാന ടൂര്‍ണമെന്റുകളില്‍ ഇംഗ്ലീഷ് നിരയെ നയിച്ച അദ്ദേഹം 38 മത്സരങ്ങളിലാണ് ക്യാപ്റ്റന്റെ സ്ഥാനം വഹിച്ചത്. 20 വിജയങ്ങളിലേക്കും ഇംഗ്ലണ്ടിനെ അദ്ദേഹം നയിച്ചു. ഇംഗ്ലണ്ടിനായി 21 ഗോളുകളും നേടി. ഗോളടിക്കുന്നതിനേക്കാള്‍ ഗോളടിപ്പിക്കുന്നതിലായിരുന്നു ജെറാര്‍ഡിന്റെ മിടുക്ക്.
















