ന്യൂദല്‍ഹി: ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ ശക്തിപ്പെടുത്തുന്നതിനായി ബാങ്കിങ് ചാനലുകളായ എന്‍ഇഎഫ്ടി, മൊബൈല്‍ വാലറ്റുകള്‍, പ്രീപെയ്ഡ് കാര്‍ഡുകള്‍, ക്യൂആര്‍ കോഡുകള്‍, പേ- റോള്‍ കാര്‍ഡുകള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് എന്നിവ വഴിയുള്ള ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നത് ബാങ്കുകള്‍ പ്രത്യേക കര്‍മ്മപദ്ധതി നടപ്പിലാക്കും.
പൊതുമേഖല, സ്വകാര്യ മേഖല ബാങ്കുകളുടെ സി എംഡി- സിഇഒമാരുമായി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് തീരുമാനം.
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് മിക്ക ബാങ്കുകളും ഇതിനകം തന്നെ ഡെബിറ്റ് കാര്‍ഡുകളുടെ ഡിസംബറിലെ വിനിമയ (എംഡിആര്‍) ചാര്‍ജ്ജ് ഒഴിവാക്കിയിട്ടുണ്ട്. നഗര പ്രദേശങ്ങള്‍ക്കു പുറമെ, അര്‍ദ്ധ നഗര, ഗ്രാമീണ മേഖലകളിലും ബാങ്കുകള്‍ കൂടുതലായി ശ്രദ്ധ പതിപ്പിക്കും.
കാര്‍ഡുകള്‍ എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചും പണം ആവശ്യമില്ലാത്ത ഇടപാടുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്‍ പ്രത്യേക ഡെമോണ്‍സ്‌ട്രേഷന്‍ വീഡിയോകള്‍ പുറത്തിറക്കും.
ബാങ്കുകളിലെ തിരക്ക് ഇപ്പോള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ വായ്‌പകള്‍, പ്രത്യേകിച്ച് മുദ്രാ വായ്‌പകള്‍ അനുവദിക്കുന്നത് ബാങ്കുകള്‍ പുനരാരംഭിക്കും. വ്യവസായങ്ങള്‍ക്കാവശ്യമായ പ്രവര്‍ത്തന മൂലധനം മുദ്രാ കാര്‍ഡുകളിലൂടെ ലഭ്യമാക്കാന്‍ ഇത് സഹായിക്കും.
നിരവധി സംസ്ഥാനങ്ങളില്‍ ഉരുളക്കിഴങ്ങ് അടക്കമുള്ള റാബി വിളകളുടെ നടീല്‍ കാലമാണ് ഇത്. ഇതിന് ആവശ്യമായ വിഭവങ്ങള്‍ നബാര്‍ഡ് വഴി ലഭ്യമാക്കുന്നുണ്ട്. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ഇതിനായി നല്‍കുന്ന വിഹിതം ഏറെ നിരീക്ഷിക്കപ്പെടുന്ന മേഖലയാണ്.
ഈ നടപടികളും നേരത്തേ സ്വീകരിച്ച മറ്റു നടപടികളും വഴി എല്ലാ പൗരന്‍മാര്‍ക്കും കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിനുള്ള വ്യക്തമായ മാര്‍ഗ്ഗം ദൃശ്യമാണ്.
ഇത് ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ എളുപ്പമുള്ളതാക്കുകയും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ബാധ്യസ്ഥമായ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലെന്ന ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് ജെയ്റ്റ്‌ലി യോഗത്തില്‍ പറഞ്ഞു.
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ കൂടുതലായി ഡിജിറ്റല്‍ ഇടപാടുകളിലേയ്‌ക്ക് അടുപ്പിക്കുകയെന്നതാണെന്നും കേന്ദ്രധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
















