പ്രധാനമന്ത്രി 1000 രൂപയുടെയും 500 രൂപയുടെയും കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ഗൂഢാലോചന നടത്തുന്നു എന്ന പ്രചാരണം പരക്കെ ഉണ്ടായിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാരോ ആര്‍ബിഐയോ ഇപ്രകാരം ചിന്തിച്ചിട്ടുപോലുമില്ല. കള്ളപ്പണം കണ്ടെത്തുകയോ കള്ളപ്പണം വ്യാജമാര്‍ഗ്ഗങ്ങളിലൂടെ മാറിയെടുക്കാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്യാനും, അതുവഴി സമ്പദ് വ്യവസ്ഥ ശുദ്ധീകരിക്കാനും രാജ്യത്തിനെതിരെയുള്ള ഭീഷണികള്‍ നേരിടാനും മാത്രമേ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നുള്ളൂ.
ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ പിന്‍വലിക്കുമ്പോള്‍ സഹകരണ മേഖലയില്‍ അതുവരെ സമാഹരിച്ച കറന്‍സികള്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന് കറന്‍സി മാറ്റിയെടുക്കുന്നതിനുള്ള അധികാരം സഹകരണസംഘങ്ങള്‍ക്ക് നല്‍കാതിരുന്നത് അവ ആര്‍ബിഐയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലാത്തതുകൊണ്ടും, നിക്ഷേപതുകയുടെ യഥാര്‍ത്ഥ കണക്കുകളും തുക മാറ്റിയെടുക്കുന്നതില്‍ ഉണ്ടായേക്കാവുന്ന രാഷ്‌ട്രീയമുള്‍പ്പെടെയുള്ള സ്വാധീനവും പരിഗണിച്ചാകാനാണ് സാധ്യത. തന്നെയുമല്ല മാറ്റിയെടുക്കുന്ന കറന്‍സികളുടെയും പിന്‍വലിച്ച കറന്‍സികളിന്മേലുള്ള നിക്ഷേപങ്ങളുടെയും യഥാവിധിയുള്ള കണക്ക് ആര്‍ബിഐക്ക് യഥാസമയം ക്രോഡീകരിക്കുവാന്‍ കഴിയാത്ത സാഹചര്യവും പരിഗണിച്ചു കാണണം.
യഥാര്‍ത്ഥത്തില്‍ കറന്‍സി മാറ്റാന്‍ അനുവദിക്കാത്തതുകൊണ്ട് സഹകരണ മേഖലയില്‍ പ്രതിസന്ധി ഉണ്ടോ?
ഇല്ല എന്നതുതന്നെയാണ് വസ്തുത. കൈവശമുണ്ടായിരുന്ന കറന്‍സിയും അതിന്റെ കണക്കും എടുത്തുകഴിയുകയും, കറന്‍സികള്‍ മാറ്റികിട്ടും എന്നുള്ള ഉറപ്പും ഉണ്ടായിട്ടും സഹകരണ സ്ഥാപനങ്ങള്‍ എന്തിനു വേവലാതിപ്പെടുന്നു എന്നു മനസിലാവുന്നില്ല.
യഥാര്‍ത്ഥത്തില്‍ കറന്‍സി മാറാനുള്ള അധികാരമല്ല സഹകരണബാങ്കുകള്‍ക്കു വേണ്ടത്; മറിച്ച് ഇടപാടുകള്‍ നടത്താന്‍ ആവശ്യമായ കറന്‍സിയാണ്. അതിന് താല്‍ക്കാലിക ക്ഷാമമുണ്ടായിട്ടുണ്ടെന്നുള്ളത് അംഗീകരിക്കാം. പക്ഷെ കറന്‍സി ഇടപാടുകള്‍ മാത്രമേ നടത്തുകയുള്ളൂവെന്ന് സഹകരണ ബാങ്കുകള്‍ ശാഠ്യം പിടിക്കേണ്ടതില്ല. എല്ലാ ഇടപാടുകളും മറ്റു രീതികളില്‍ നടത്താം. ശരിയായ കണക്ക് സൂക്ഷിക്കണമെന്നേയുള്ളൂ. 1000, 500 രൂപ കറന്‍സി പിന്‍വലിച്ചയുടനെ വായ്‌പ എടുത്ത ഒരു വ്യക്തി വന്‍തുക ഒരുമിച്ചടച്ച് വായ്‌പകണക്ക് അവസാനിപ്പിക്കാന്‍ ഒരു സഹകരണ സ്ഥാപനത്തില്‍ എത്തി.
ബാങ്ക് ജീവനക്കാര്‍ തുക എസ്ബി അക്കൗണ്ടില്‍ നിക്ഷേപിച്ച് വായ്‌പകണക്കിലേക്ക് വകമാറ്റാം എന്നു പറഞ്ഞപ്പോള്‍ ഇടപാടുകാരന്‍ അതൃപ്തി പ്രകടിപ്പിച്ച് സ്ഥലംവിട്ട അനുഭവമുണ്ടായിട്ടുണ്ട്. വായ്‌പാ വിതരണത്തിനും തടസമില്ല. ചെക്കുമുഖേന വായ്‌പ അനുവദിക്കാം. വിവാഹാവശ്യത്തിന് ചെക്ക് കൊടുക്കുകയോ വ്യാപാരികളുടെ അക്കൗണ്ടുകളിലേക്ക് ജില്ലാ സഹകരണ ബാങ്ക് അക്കൗണ്ടുകളില്‍ ട്രാന്‍സ്ഫര്‍ ചെയ്തുകൊടുക്കുകയോ ചെയ്യാം. ചിട്ടി ഇടപാടുകളും ട്രാന്‍സ്ഫര്‍ മുഖേന നടത്താം.
കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചും മാറിയും വന്‍തുക വീട്ടില്‍ തന്നെ സ്വരുകൂട്ടി വെക്കാന്‍ കാണിക്കുന്ന ആവേശം മാധ്യമങ്ങളുടെ കുപ്രചാരണംമൂലം ഉണ്ടായിട്ടുള്ള അങ്കലാപ്പുകൊണ്ടാണ്. ചില ദൃശ്യമാധ്യമ അവതാരകരുടെ ആകാംക്ഷ കണ്ടാല്‍ ഈ രാജ്യത്ത് അവര്‍ക്കു മാത്രമേ ജനങ്ങളോടു കടപ്പാടുള്ളൂ എന്നും ഈ വിഷയം പെരുപ്പിച്ചുകാണിച്ച് കേന്ദ്രസര്‍ക്കാരിനെ ഇപ്പോള്‍ താഴെയിറക്കാം എന്ന് വിചാരിക്കുന്നതായും തോന്നും. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് കേന്ദ്രസര്‍ക്കാര്‍ നിലപാടുകളെ പിന്തുണച്ച് സംസാരിക്കുന്ന പ്രതിനിധികള്‍ക്ക് എതിര്‍ക്കുന്നവര്‍ക്ക് അനുവദിക്കുന്ന സമയത്തിന്റെ പത്തിലൊന്നു പോലും അനുവദിക്കാതെയും സംസാരിക്കാന്‍ സമ്മതിക്കാതെയും ”താങ്കള്‍ എന്തുതന്നെ പറഞ്ഞാലും ജനം നിങ്ങള്‍ക്കെതിരാണ് മിസ്റ്റര്‍” എന്ന് ധിക്കാരപൂര്‍വ്വം ചര്‍ച്ച അവസാനിപ്പിച്ച് നന്ദിയും പറഞ്ഞുപോകുന്നതു കണ്ടാല്‍ ഇവരാണ് ജനമനസ്സിന്റെ എക്‌സ്‌റേ എടുക്കാനുള്ള ഉപകരണം കണ്ടുപിടിച്ചതെന്നു തോന്നും.
യഥാര്‍ത്ഥത്തില്‍ ഇവര്‍ അറിഞ്ഞുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജനങ്ങളുടെ സ്വസ്ഥജീവിതം തന്നെ പ്രാസമൊപ്പിച്ചുള്ള പ്രസംഗങ്ങള്‍കൊണ്ട് ഇവര്‍ തകര്‍ക്കുകയാണ്. ജനത്തിന്റെ പരിഭ്രാന്തിക്ക് ഒരു അളവുവരെ ഇവരാണ് കാരണക്കാര്‍.
കള്ളപ്പണമെന്നാല്‍…
പലരും ധരിച്ചിരിക്കുന്നത് കള്ളപ്പണമെന്നാല്‍ കള്ളനോട്ട് എന്നാണ്. അത് വളരെ തുച്ഛമാണ്. ഉണ്ടെങ്കിലും കണ്ടെത്താന്‍ ദുഷ്‌കരമായിരിക്കും. ഇന്ത്യയുടെ കേന്ദ്രബാങ്കിന്റെ നോട്ടടികേന്ദ്രത്തിന്റെ അതേ സൗകര്യങ്ങളുള്ള അയല്‍രാജ്യത്തിന്റെ കേന്ദ്രബാങ്കുതന്നെയാണ് ഇത്തം വ്യാജനോട്ടടിക്കുന്നതെങ്കില്‍ വളരെ പ്രയാസമായിരിക്കും തിരിച്ചറിയാന്‍. പട്ടാള നടപടികൊണ്ടോ ഭീകരപ്രവര്‍ത്തനങ്ങള്‍ കൊണ്ടോ മാത്രം ഭാരതത്തെ തകര്‍ക്കാന്‍ പറ്റാത്തതുകൊണ്ട് അയല്‍രാജ്യത്തിനു തോന്നിയ കുബുദ്ധിയാണ് സ്വന്തം കമ്മട്ടത്തില്‍ നിന്നും കള്ളനോട്ടടിച്ച് ഭാരതത്തില്‍ വിതരണം ചെയ്ത് സാമ്പത്തിക അരാജകത്വം ഉണ്ടാക്കുക എന്നത്. എന്നാല്‍ അപ്രകാരമുള്ള ബാഹ്യശത്രുക്കളെക്കാള്‍ ഭീകരമായ നിയമലംഘകര്‍ ഭാരതത്തില്‍ തന്നെയുണ്ട്.
ഒരുകോടി രൂപക്ക് വസ്തു വിറ്റ് 10 ലക്ഷം മാത്രം പ്രമാണത്തില്‍ കാണിച്ചാല്‍ ബാക്കി 90 ലക്ഷം രൂപ കണക്കില്‍പ്പെടാത്ത, നികുതി കൊടുക്കണ്ടാത്ത പണമല്ലേ. ഇതിനെയും കള്ളപ്പണമെന്നു വിളിച്ചുകൂടേ. തെറ്റായ വിവരങ്ങള്‍ നല്‍കി ആദായനികുതി അടയ്‌ക്കാതെ സമ്പാദിക്കുന്ന തുകയും കള്ളപ്പണമല്ലേ? പതിറ്റാണ്ടുകളായി ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഒരു ബാങ്ക് അക്കൗണ്ടും തുടങ്ങാതെ കുഴല്‍പ്പണമായി വിദേശനാണ്യത്തിന് ആനുപാതികമല്ലാത്ത തുക നാട്ടിലെത്തിക്കുന്നതും കള്ളപ്പണമല്ലേ? വില്‍പനനികുതി യഥാവിധി അടയ്‌ക്കാതെ സമ്പാദിക്കുന്ന തുകയും കള്ളപ്പണമല്ലേ? കൈക്കൂലി തുക കള്ളപ്പണമല്ലേ? രാഷ്‌ട്രീയസ്വാധീനമുപയോഗിച്ച് ഉണ്ടാക്കുന്ന വരവില്‍ കവിഞ്ഞ സ്വത്തുക്കളുടെ വില കള്ളപ്പണമല്ലേ? ഇതെല്ലാം വെളിച്ചത്തുകൊണ്ടുവരാനുള്ള യത്‌നമല്ലേ കേന്ദ്രസര്‍ക്കാര്‍ ആത്മാര്‍ത്ഥമായി കൈക്കൊണ്ടത്. ഇതൊക്കെ കണ്ടെത്തിയാല്‍ സംസ്ഥാന ഖജനാവും രക്ഷപ്പെടില്ലേ? കള്ളപ്പണക്കാര്‍ക്ക് ഒത്താശ ചെയ്യാന്‍ വേണ്ടി രാഷ്‌ട്രീയപ്രേരിതമായി ദുഷ്പ്രചാരണം നടത്തിയതിന്റെ ഫലമല്ലേ ഇപ്പോഴത്തെ സഹകരണ മേഖലയിലെ പ്രതിസന്ധി.
യഥാര്‍ത്ഥത്തില്‍ ഈ മേഖലയില്‍ ഒരു പ്രതിസന്ധിയുമില്ല. കള്ളപ്പണം വെളുപ്പിക്കാന്‍ മുന്നണികളിലെ പ്രമുഖ കക്ഷിനേതാക്കള്‍ക്കു കഴിയുന്നില്ലെന്നേയുള്ളൂ. നിക്ഷേപകരുടെ പണം സുരക്ഷിതമാണ്. ബാങ്കുകളുടെ നിക്ഷേപവും സുരക്ഷിതമാണ്.കണക്കുകൊടുക്കേണ്ടിവരുമെന്നു മാത്രം. അപ്പോള്‍ സാധാരണക്കാരനു പേടിക്കേണ്ടല്ലോ? ജനം വസ്തുതകള്‍ മനസിലാക്കി തുടങ്ങിയതോടുകൂടി മുഖ്യമന്ത്രിതന്നെ കണക്കുകൊടുക്കാമെന്ന് സമ്മതിച്ചു തുടങ്ങിയത് അനുകരണീയമാണ്.ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരായ രീതിയില്‍ വര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ട ചുമതല ഭരണഘടനാപരമായി തന്നെ ഇതര രാഷ്‌ട്രങ്ങളിലെ കേന്ദ്രബാങ്കുകള്‍ക്കെന്നപോലെ ആര്‍ബിഐക്കാണ്.
ഭരണഘടനാപരമായി നല്‍കിയിട്ടുള്ള അധികാരങ്ങള്‍ അഖിലേന്ത്യാ തലത്തില്‍ പ്രയോഗിച്ച് സമ്പദ്‌വ്യവസ്ഥയെ പണപ്പെരുപ്പത്തില്‍ നിന്നും പണച്ചുരുക്കത്തില്‍നിന്നും സംരക്ഷിച്ചു നിര്‍ത്തേണ്ട ചുമതലയുള്ള ആര്‍ബിഐയെ കള്ളപ്പണക്കാര്‍ക്കുവേണ്ടി ആക്ഷേപിക്കുകയും സ്തംഭിപ്പിക്കുകയും ചെയ്യുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. മുമ്പ് ആര്‍ബിഐയെയും ഐടി ഉദ്യോഗസ്ഥരെയും ആട്ടിപ്പായിച്ചപ്പോള്‍ ഓര്‍ത്തില്ല, നട്ടെല്ലുള്ള രാജ്യസ്‌നേഹികള്‍ രാജ്യം ഭരിക്കാന്‍ ഒരുനാള്‍ എത്തുമെന്ന്. നിങ്ങള്‍ കണക്കു കൊടുക്കൂ; കാര്യം ശരിയാകും.
നോട്ടുമാറാന്‍ എത്തുന്നവരെ മഷികുത്തുന്നതിനെതിരെയുള്ള അപഹാസ്യമായ പരിഹാസം യുക്തിസഹമല്ല. ഒരു ബാങ്കില്‍ നോട്ടുമാറാന്‍ നില്‍ക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയോടന്വേഷിച്ചപ്പോള്‍ 25 പേരടങ്ങുന്ന അവരുടെ സംഘത്തെ കോണ്‍ട്രാക്ടര്‍ ദിവസവും 500 രൂപയുടെ പഴയ നോട്ടുകള്‍ മാറാന്‍ ക്യൂ നിര്‍ത്താറുണ്ടെന്നും ദിവസവും അവ മാറിയെടുത്തുകൊണ്ടിരിക്കുകയുമാണെന്ന് അറിയിച്ചു. ഇത്തരം മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് വന്‍തുകകള്‍ മാറിയെടുക്കുന്നത് തടയേണ്ടതുണ്ട്. അപ്പോള്‍ മഷിക്കുത്തിനെ പരിഹസിക്കുന്നത് ശരിയോ.
കേരളത്തില്‍ നിരവധി സഹകരണ സ്ഥാപനങ്ങളില്‍ മതപരമായ വിശ്വാസംകൊണ്ട് നിക്ഷേപങ്ങളിന്മേല്‍ പലിശ വാങ്ങാത്തവരുടെ നിക്ഷേപങ്ങളിന്മേല്‍ ബാങ്കില്‍നിന്ന് പലിശ ചെലവു പോകുന്നുണ്ട്. പ്രതിവര്‍ഷം ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയാണ് നിക്ഷേപ പലിശ ജനിക്കുന്നത്. ഇത് എങ്ങോട്ടു പോകുന്നു എന്ന് അന്വേഷിച്ചാല്‍ ആദരണീയരായ പല സഹകാരികളുടെയും പ്രതിച്ഛായ വികൃതമാകുമെന്നുറപ്പാണ്.
ചുരുക്കത്തില്‍ കുത്തകപത്രങ്ങളും പാര്‍ട്ടിപ്പത്രങ്ങളും ചില ദൃശ്യമാധ്യമങ്ങളും ചില രാഷ്‌ട്രീയനേതാക്കളുകൂടി അഴിച്ചുവിട്ട കുപ്രചാരണംകൊണ്ട് ഉണ്ടായിട്ടുള്ള പ്രതിസന്ധിയെ സഹകരണ മേഖലക്കുള്ളൂ എന്ന് മനസിലാക്കാം. സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ന്നാല്‍ മാത്രമേ ചില കുത്തകപത്രങ്ങളുടെ അനുബന്ധ സ്ഥാപനങ്ങള്‍ക്ക് നിക്ഷേപസമാഹരണം നടത്താന്‍ കഴിയൂ എന്നതും ശ്രദ്ധേയമാണ്. നോട്ടുക്ഷാമം ഏറെക്കുറെ പരിഹരിച്ചുകഴിഞ്ഞു. കൂടുതല്‍ നോട്ട് സമാഹരിക്കാന്‍ പ്രേരിപ്പിച്ചത് മാധ്യമങ്ങളും ഇടതു വലതു മുന്നണികളുമാണ്.
സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരിന് യാെതാരു ലക്ഷ്യവുമില്ല. ഇൗ പ്രസ്ഥാനം തകരുകയുമില്ല. നിങ്ങളുടെ നിക്ഷേപം സുരക്ഷിതമാണ്. കള്ളപ്പണക്കാരുടെയും പിണിയാളുകളുടെയും ജല്‍പനങ്ങള്‍ അധ്വാനിച്ച് നിക്ഷേപം നടത്തിയവര്‍ ശ്രദ്ധിക്കേണ്ടതില്ല. മാധ്യമങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ചു കാണിച്ച് മുതലെടുക്കുകയാണ്.
(സഹകരണ വകുപ്പില്‍ നിന്ന് ജോ. രജിസ്ട്രാറായി വിരമിച്ചയാളാണ് ലേഖകന്‍)
















