ലഖ്‌നൗ: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പൂര്‍ത്തീകരിക്കാത്ത പല പദ്ധതികളും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉദ്ഘാടനം ചെയ്യുന്നു. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പോലും കാറ്റില്‍ പറത്തിയാണ് അഖിലേഷിന്റെ നീക്കം.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ തെരഞ്ഞെടുപ്പ് ചട്ടവും നിലവില്‍ വരും. പിന്നീട് ഇത്തരം നടപടികള്‍ ചട്ടവിരുദ്ധവുമാണ്. അടുത്തിടെ ഉദ്ഘാടനം ചെയ്ത ലക്‌നൗ-ആഗ്ര അതിവേഗ പാത ഇത്തരത്തില്‍ ഒന്നാണ്. ഇതിന്റെ പല ഭാഗങ്ങും ഇനിയും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഗോമതി റിവര്‍ഫ്രണ്ട് തുറന്ന കൊടുത്തിരിക്കുന്നത് ഒരു വാട്ടര്‍ ബസ് പോലും ഇറക്കാതെയാണ്. മുഖ്യമന്ത്രിയുടെ കാര്യാലയമായ ലോക് ഭവന്റെ മൂന്നില്‍ രണ്ട് നിലകളും പൂര്‍ത്തിയായിട്ടില്ല. എന്നിട്ടും ഉദ്ഘാടനം നടത്തി.
15000 കോടിയാണ് 302 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ലഖ്‌നൗ-ആഗ്ര അതിവേഗ പാതയുടെ നിര്‍മാണച്ചെലവ് കണക്കാക്കിയിക്കുന്നത്. ഈമാസം 21ന് അഖിലേഷും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവും ചേര്‍ന്നാണ് ഇത് നാടിന് സമര്‍പ്പിച്ചത്. എന്നാല്‍ അടുത്തമാസം അവസാനത്തോടെയെ ഇത് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ആഗ്രയിലെ യമുനാ പാലത്തിന്റെ എട്ടില്‍ നാല് വരിയും ഇനിയും നിര്‍മിക്കാന്‍ ബാക്കിയുണ്ട്. നാല് റെയില്‍വേ മേല്‍പ്പാലങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് പൂര്‍ത്തിയായത്. അതിവേഗ പാതയിലെ ബാരിക്കേഡുകളും ലൈറ്റുകളും സ്ഥാപിച്ചിട്ടില്ല. കേന്ദ്ര ലൈനിന്റെ നിര്‍മാണം തുടരുകയാണ്. ഉദ്ഘാടന ദിവസം പാതയിലിറങ്ങേണ്ടിയിരുന്ന പോര്‍ വിമാനം റണ്‍വേയിലെ തെരുവ് നായ കാരണം ഇറക്കാനായില്ല.
















