ബാഴ്‌സയുടെ ലയണല്‍ മെസ്സി സെല്‍റ്റിക്കിനെതിരെ ഗോള്‍ നേടുന്നു
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണലും മാഞ്ചസ്റ്റര്‍ സിറ്റിയും സമനിലയില്‍ കുടുങ്ങിയപ്പോള്‍ മികച്ച ജയത്തോടെ ബാഴ്‌സലോണയും അത്‌ലറ്റികോ മാഡ്രിഡും പ്രീ ക്വാര്‍ട്ടറില്‍. ആഴ്‌സണലും നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിച്ചു. അതേസമയം മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് തോറ്റിട്ടും അവസാന 16-ല്‍ ഇടംപിടിച്ചു.
ആഴ്‌സണലിനെ തളച്ച് പിഎസ്ജി
ഗ്രൂപ്പ് എയില്‍ നടന്ന എവേ മത്സരത്തില്‍ പിഎസ്ജി കരുത്തരായ ആഴ്‌സണലിനെ സമനിലയില്‍ തളച്ചു. ഇരുടീമുകളും രണ്ട് ഗോളുകള്‍ നേടി. ആദ്യം പിന്നിലാവുകയും പിന്നീട് ലീഡ് നേടുകയും ചെയ്തശേഷമാണ് ആഴ്‌സണല്‍ സമനിലകൊണ്ട് തൃപ്തരായത്. രണ്ട് സെല്‍ഫ് ഗോളുകളാണ് കളിയില്‍ വഴിത്തിരിവായത്. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 18-ാം മിനിറ്റില്‍ എഡിസണ്‍ കവാനിയിലൂടെ പിഎസ്ജി മുന്നിലെത്തി. എന്നാല്‍ ആദ്യപകുതിയുടെ പരിക്കുസമയത്ത് ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഒളിവര്‍ ഗിറൗഡ് ഗണ്ണേഴ്‌സിന് സമനില നേടിക്കൊടുത്തു.

പിഎസ്ജിയുടെ എഡിസണ്‍ കവാനി ആഴ്‌സണലിനെതിരെ ഗോള്‍ നേടുന്നു
60-ാം മിനിറ്റില്‍ പിഎസ്ജിയുടെ മാര്‍ക്കോ വെരാട്ടി സ്വന്തം വലയില്‍ പന്തെത്തിച്ചതോടെ ആഴ്‌സണല്‍ 2-1ന് മുന്നിലെത്തി. എന്നാല്‍ ഈ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല. 77-ാം മിനിറ്റില്‍ ഗണ്ണേഴ്‌സ് താരം അലക്‌സ് ഇവോബി പിഎസ്ജിക്ക് സമ്മാനിച്ച സെല്‍ഫ് ഗോളില്‍ അവര്‍ സമനില പിടിച്ചു. അഞ്ച് കളികള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും 11 പോയിന്റുമായാണ് നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിച്ചത്. അപ്രസക്തമായ മറ്റൊരു മത്സരത്തില്‍ ബാസലും ലുഡോഗൊരറ്റ്‌സും തമ്മിലുള്ള കളി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
ബി ഗ്രൂപ്പില്‍ കാത്തിരിപ്പ്
ഗ്രൂപ്പ് ബിയില്‍ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കുന്ന ടീമുകളെ കണ്ടെത്താന്‍ അവസാന മത്സരം വരെ കാത്തിരിക്കണം. ഇന്നലെ നടന്ന രണ്ട് കൡകളും സമനിലയില്‍ കലാശിച്ചതോടെയാണ് കാത്തിരിപ്പ് നീണ്ടത്. ബെസിക്റ്റാസ്-ബെനഫിക്ക കളി 3-3നും നാപ്പോളി-ഡൈനാമോ കീവ് മത്സരം ഗോളടിക്കാതെയും സമനിലയില്‍ പിരിയുകയായിരുന്നു.
ബെസിക്റ്റാസിനെതിരായ എവേ മത്സരത്തില്‍ 3-0ന് മുന്നിട്ടുനിന്നശേഷമാണ് ബെനഫിക്ക സമനിലകൊണ്ട് തൃപ്തരായത്. അഞ്ച് കളികള്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് പോയിന്റ് വീതമുള്ള നാപ്പോളിയും ബെനഫിക്കയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ബെസിക്റ്റാസ് 7 പോയിന്റുമായി മൂന്നാമത്. രണ്ട് പോയിന്റുള്ള ഡൈനാമോ കീവ് പുറത്ത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബെനഫിക്ക നാപ്പോളിയുമായും ബെസിക്റ്റാസ് ഡൈനാമോ കീവുമായും ഏറ്റുമുട്ടും. ഈ കളികളില്‍ ജയിക്കുന്നവര്‍ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കും. രണ്ട് മത്സരം സമനിലയില്‍ കലാശിച്ചാല്‍ നാപ്പോളിയും ബെനഫിക്കയുമായിരിക്കും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറുക.
മെസ്സി ഡബിളില്‍ ബാഴ്‌സ
സ്‌കോട്ടിഷ് ലീഗില്‍ അപരാജിത കുതിപ്പ് നടത്തുന്ന സെല്‍റ്റിക്കിനെ തകര്‍ത്ത് ബാഴ്‌സ പ്രീ ക്വാര്‍ട്ടറില്‍. സൂപ്പര്‍താരം ലയണ്‍ മെസ്സിയുടെ ഇരട്ട ഗോളിന്റെ കരുത്തില്‍ 2-0ന്റെ വിജയമാണ് ബാഴ്‌സ എവേ മത്സരത്തില്‍ നേടിയത്. 24-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ആദ്യ ഗോള്‍. നെയ്‌മറുടെ പാസില്‍ നിന്ന്. സെല്‍റ്റിക് പ്രതിരോധ മതിലിന്റെ മുകളിലൂടെ നെയ്‌മര്‍ ബോക്‌സിലേക്ക് ഉയര്‍ത്തിയ നല്‍കി പന്ത് തന്നെ മാര്‍ക്ക് ചെയ്തിരുന്ന പ്രതിരോധനിരക്കാരെ കബളിപ്പിച്ചശേഷം ബോക്‌സിലേക്ക് ഓടിക്കയറിയ മെസ്സി പന്ത് നിലംതൊടും മുമ്പ് വലയിലെത്തിച്ചു. ഈ ഒരു ഗോളിന് ആദ്യപകുതിയില്‍ ബാഴ്‌സ മുന്നില്‍. പിന്നീട് 55-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ രണ്ടാം ഗോള്‍. പെനാല്‍റ്റിയില്‍ നിന്ന്. ലൂയി സുവാരസിനെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനാണ് പെനാല്‍റ്റി. കിക്കെടുത്ത മെസ്സിക്ക് പിഴച്ചില്ല. പന്ത് വലയില്‍. ജയത്തോടെ ബാഴ്‌സ അഞ്ച് കളികളില്‍ നിന്ന് 12 പോയിന്റുമായാണ് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ജര്‍മ്മന്‍ ക്ലബ് ബൊറൂസിയ മൊച്ചന്‍ഗ്ലെന്‍ബാഷിനോട് 1-1ന് സമനിലയില്‍ പിരിഞ്ഞു. എങ്കിലും സിറ്റി നോക്കൗട്ട് റൗണ്ടിന്റെ വക്കിലാണ്. അഞ്ച് കളികളില്‍ നിന്ന് എട്ട് പോയിന്റാണ് സിറ്റിക്കുള്ളത്. മൂന്നാമതുള്ള ബൊറൂസിയക്ക് അഞ്ച് പോയിന്റും. അടുത്ത കളിയില്‍ സിറ്റിക്ക് എതിരാളികള്‍ സെല്‍റ്റിക്. ഈ കളിയില്‍ ഒരു സമനില മാത്രം മതി അവര്‍ക്ക് നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിക്കാന്‍.
ബയേണ്‍ മ്യൂണിക്ക് വീണു
ഗ്രൂപ്പ് ഡിയില്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് തോല്‍വി. എവേ മത്സരത്തില്‍ റഷ്യന്‍ ക്ലബ് റൊസ്‌റ്റോവിനോടാണ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റത്. റൊസ്‌റ്റോവിന് വേണ്ടി അസ്‌മൊന്‍, പൊലോസ് (പെനാല്‍റ്റി), നൊബോവ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബയേണിനായി ഡഗ്ലസ് കോസ്റ്റയും ബര്‍നറ്റും ഗോള്‍ നേടി. പരാജയപ്പെട്ടെങ്കിലും ബയേണ്‍ അഞ്ച് കൡകളില്‍ നിന്ന് 9 പോയിന്റുമായി അടുത്ത റൗണ്ടിലെത്തി.
മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് പിഎസ്‌വി ഐന്തോവനെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 55-ാം മിനിറ്റില്‍ ഗമെയ്‌റോയും 66-ാം മിനിറ്റില്‍ ഗ്രിസ്മാനും വിജയികള്‍ക്കായി ഗോള്‍ നേടി. തുടര്‍ച്ചയായ അഞ്ചാം കളിയും ജയിച്ച് 15 പോയിന്റുമായാണ് അത്ലറ്റികോ അവസാന 16-ല്‍ ഇടം നേടിയത്.
















