ലണ്ടന്‍: ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമായിരുന്ന ജോ കോക്സിനെ വെടിവച്ചും കുത്തിയും കൊലപ്പെടുത്തിയ കേസിലെ പ്രതി തോമസ് മെയറിന് (53) ആജീവനാന്തം തടവുശിക്ഷ. പാര്‍ലമെന്റംഗമായ ജോ കോക്സിനെ വധിച്ച തോമസ് മെയറിന്റെ നടപടി വലതുപക്ഷ തീവ്രവാദമാണെന്നും കോടതി വിലയിരുത്തി.
ജൂണ്‍ 16നായിരുന്നു തന്റെ മണ്ഡലമായ വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ബിര്‍സ്റ്റാളില്‍ വച്ച് ജോ കോക്സ് ദാരുണമായി കൊലചെയ്യപ്പെട്ടത്. കൈത്തോക്കുകൊണ്ട് രണ്ടുതവണ വെടിയുതിര്‍ത്തശേഷം കത്തികൊണ്ട് പതിനഞ്ചുതവണ കുത്തിയാണ് ജോയെ ഇയാള്‍ കൊലപ്പെടുത്തിയത്. സഹപ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും അവര്‍ മരണത്തിനു കീഴടങ്ങി. 41 കാരിയായ ജോ അഞ്ചും മൂന്നും വയസുള്ള രണ്ടു കുട്ടികളുടെ മാതാവായിരുന്നു.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നു വാദിച്ചിരുന്ന ജോ കോക്സിനെ ‘ബ്രിട്ടന്‍ ഫസ്റ്റ്, ദിസ് ഈസ് ഫോര്‍ ബ്രിട്ടന്‍’ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു കൊലപ്പെടുത്തിയത്. വംശീയത തലയക്കുപിടിച്ച ഭീകരവാദ പ്രവര്‍ത്തനമാണിതെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.
















