ന്യൂദല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയതിലെ വിഷമതകള്‍ പരിഹരിക്കാന്‍ കൂടുതല്‍ നടപടികളുമായി കേന്ദ്രം. ഗ്രാമങ്ങളിലെ ബ്രാഞ്ചുകളിലും 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളിലും പണം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പറഞ്ഞു. ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് സര്‍വ്വീസ് ചാര്‍ജ്ജ് ഒഴിവാക്കി. റാബി സീസണില്‍ കര്‍ഷകര്‍ക്ക് പ്രയോജനം ലഭ്യമാക്കാനും സാമ്പത്തികരംഗത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചു. പ്രധാന തീരുമാനങ്ങള്‍.
റൂപെ കാര്‍ഡുകളുടെ ഉപയോഗം 300 ശതമാനം വര്‍ദ്ധിച്ചു. ഇവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ ഡിസംബര്‍ 31 വരെ ഇടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് (എഡിആര്‍) ഈടാക്കില്ല. സ്വിച്ചിംഗ് ചാര്‍ജ്ജുകള്‍ ഒഴിവാക്കാന്‍ നാഷണല്‍ പേയ്‌മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും തീരുമാനിച്ചു. ഡിസംബര്‍ 31 വരെ കാര്‍ഡുകളുടെ വിനിമയത്തിനുള്ള ഫീസായ മെര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് (എംഡിആര്‍) ഈടാക്കില്ല.
ഇ-വാലറ്റുകള്‍ പ്രോത്സാഹിപ്പിക്കാന്‍ വ്യക്തികള്‍ക്കുള്ള പ്രതിമാസ വിനിമയ പരിധി 10,000 രൂപയില്‍ നിന്ന് 20,000 രൂപയാക്കും. കച്ചവടക്കാര്‍ക്കും ഇത്തരത്തിലുള്ള വര്‍ദ്ധന ആര്‍ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വേയില്‍ ഇ-ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യുമ്പോള്‍ സര്‍വ്വീസ് ചാര്‍ജ് ഡിസംബര്‍ 31 വരെ ഈടാക്കില്ല. 58 ശതമാനമാണ് ഇ ടിക്കറ്റുകള്‍.
ബാങ്കിങ്ങും പണമടയ്‌ക്കലുമായി ബന്ധപ്പെട്ട യുഎസ്എസ്ഡി. ചാര്‍ജ്ജുകള്‍ (അണ്‍സ്ട്രക്‌ച്ചേഡ് സപ്‌ളിമെന്ററി സര്‍വ്വീസ ്‌ഡേറ്റ നിരക്കുകള്‍) ഓരോ സെഷനും ഒന്നര രൂപയില്‍ നിന്ന് അന്‍പത് പൈസയായി കുറയ്‌ക്കാന്‍ ടെലിക്കോം അതോറിട്ടി ഓഫ് ഇന്ത്യ (ട്രായി) തീരുമാനിച്ചു. ഡിസംബര്‍ 31 വരെ ഈ അന്‍പത ്‌പൈസ ഈടാക്കില്ലന്ന് ടെലികോം കമ്പനികളും അറിയിച്ചിട്ടുണ്ട്.
ടോള്‍ പിരിവ് സുഗമമാക്കാന്‍ പുതിയ വാഹനങ്ങളില്‍ ഇലക്‌ട്രോണിക് ടോള്‍ പിരിവിനുള്ള റേഡിയോ ഫ്രീക്വന്‍സി സംവിധാനം (ആര്‍എഫ്‌ഐഡി) ജീവനക്കാര്‍ക്ക് പണം നല്‍കുന്നതുള്‍പ്പെടെ ഇന്റര്‍നെറ്റ് ബാങ്കിംഗ്, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്, കാര്‍ഡുകള്‍, ആധാറുമായി ബന്ധിപ്പിച്ച പണം നല്‍കല്‍ തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴി മാത്രമാക്കാന്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കാര്‍ഷിക വായ്‌പ വിതരണത്തിന് സംസ്ഥാന സഹ. ബാങ്കുകളിലൂടെ ജില്ലാ സഹ.ബാങ്കുകള്‍ക്ക് നബാര്‍ഡ് 21000 കോടിരൂപ ലഭ്യമാക്കും. ജില്ലാ സഹ.ബാങ്കുകള്‍ക്ക് പണം ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോടും മറ്റു ബാങ്കുകളോടും ആവശ്യപ്പെട്ടു. ഒരു കോടി രൂപ വരെ വായ്‌പ എടുത്തവര്‍ക്ക് തിരിച്ചടവിന് 60 ദിവസം കൂടുതല്‍ നല്‍കി.
















