മുംബൈ: ലിയാന്‍ഡര്‍ പേസും താനും തമ്മിലുളള ബന്ധം സ്ഥാപിക്കുന്നതിനായി റിയാപിളള സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് റിയ ഹര്‍ജി സമര്‍പ്പിച്ചത്. റിയ, പേസിന്റെ ഭാര്യയാണോ എന്ന കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കും.
വര്‍ഷങ്ങളായി ഒപ്പം താമസിക്കുന്ന പേസ് റിയയുടെ ഭര്‍ത്താവാണെന്ന് പറയാനാകില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ കണ്ടെത്തല്‍. ഈ ബന്ധത്തില്‍ ഇവര്‍ക്കൊരു മകളുമുണ്ട്. കുട്ടിയെ തനിയ്‌ക്ക് വിട്ടുതരണമെന്നും റിയ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെയും തന്റെയും സംരക്ഷണച്ചുമതലയും പേസ് ഏറ്റെടുക്കണമെന്നും ആവശ്യമുണ്ട്.
സഞ്ജയ് ദത്തിന്റെ ഭാര്യയായിരുന്ന റിയ വിവാഹമോചനം നേടിയ ശേഷം പേസിനൊപ്പമാണ് ജീവിച്ചിരുന്നത്. താന്‍ റിയയെ വിവാഹം കഴിച്ചിട്ടില്ലെന്നും ്അത് കൊണ്ട് തന്നെ ചെലവിന് നല്‍കാന്‍ ബാധ്യസ്ഥനല്ലെന്നുമാണ് പേസിന്റെ വാദം. പേസിന്റെ വാദം കീഴ്‌ക്കോടതി അംഗീകരിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
















