മുംബൈ: വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ത്ഥിവ് പട്ടേല്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. എട്ടുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ് പാര്‍ത്ഥിവിന്റെ മടങ്ങിവരവ്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ടെസ്റ്റിനിടെ തുടയ്‌ക്ക് പരിക്കേറ്റ വൃദ്ധിമാന്‍ സാഹക്ക് പകരമായാണ് പാര്‍ത്ഥിവിനെ തിരിച്ചുവിളിച്ചത്.
പരിക്ക് കൂടുതല്‍ വഷളാവാതിരിക്കാന്‍ മുന്‍കരുതലെന്ന നിലയ്‌ക്കാണ് മൂന്നാം ടെസ്റ്റില്‍ നിന്ന് സാഹയെ മാറ്റി നിര്‍ത്തുന്നതെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. പാര്‍ത്ഥിവ് പട്ടേല്‍ എട്ടുവര്‍ഷത്തിനുശേഷമാണ് ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നത്. 2008-ല്‍ ശ്രീലങ്കയ്‌ക്കെതിരെ ആയിരുന്നു അവസാന ടെസ്റ്റ് കളിച്ചത്. രാജ്യാന്തരമത്സരം കളിക്കുന്നത് നാല് വര്‍ഷത്തിനുശേഷവുമാണ്. 2012-ല്‍ ശ്രീലങ്കക്കെതിയരായ ഏകദിനത്തിലാണ് പാര്‍ത്ഥിവ് അവസാനം കളിച്ചത്.
2008-ല്‍ പതിനേഴാം വയസില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച പാര്‍ത്ഥിവ് 20 ടെസ്റ്റുകളിലാണ് കളിച്ചിട്ടുള്ളത്. 29.69 റണ്‍ ശരാശരിയില്‍ 683 റണ്‍സ് നേടിയിട്ടുണ്ട്. രഞ്ജി സീസണില്‍ ഗുജറാത്തിനുവേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് പാര്‍ത്ഥിവിന് വീണ്ടും ടീമിലേയ്‌ക്കുള്ള വഴിയൊരുക്കിയത്. ആദ്യത്തെ എട്ട് ഇന്നിങ്‌സില്‍ നിന്നായി ഒരു സെഞ്ചുറിയും മൂന്ന് അര്‍ദ്ധസെഞ്ചുറിയും അടക്കം 59.28 ശരാശരിയില്‍ 415 റണ്‍സ് നേടിയിട്ടുണ്ട് പാര്‍ത്ഥിവ്. മധ്യപ്രദേശിനെതിരെ പുറത്താകാതെ നേടിയ 139 റണ്‍സാണ് ഏറ്റവും മികച്ച സ്‌കോര്‍.
അതേസമയം ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ വൃദ്ധിമാന്‍ സാഹ കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും തികഞ്ഞ പരാജയമായിരുന്നു. ആദ്യ ടെസ്റ്റില്‍ 35, 9, രണ്ടാം ടെസ്റ്റില്‍ 3, 2 എന്നിങ്ങിനെയായിരുന്നു സാഹയുടെ സ്‌കോര്‍.
അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ രണ്ടാം ടെസ്റ്റ് വിജയിച്ച് ഇന്ത്യ മുന്നിട്ടുനില്‍ക്കുകയാണ്. രാജ്‌കോട്ടില്‍ നടന്ന ഒന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. മുംബൈയിലും ചെന്നൈയിലുമാണ് അവസാന രണ്ട് ടെസ്റ്റുകള്‍.
















