ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ ചെല്‍സി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.
എവേ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് മിഡില്‍സ്ബറോയെ കീഴടക്കിയാണ് ചെല്‍സി മുന്നിലെത്തിയത്. സൂപ്പര്‍താരം ഡീഗോ കോസ്റ്റയാണ് വിജയഗോള്‍ നേടിയത്.
12 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 28 പോയിന്റാണ് ചെല്‍സിക്കുള്ളത്. 27 പോയിന്റ് വീതം നേടി ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 25 പോയിന്റുള്ള ആഴ്‌സണല്‍ നാലാമത്.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ചെല്‍സിക്കായിരുന്നു നേരിയ മുന്‍തൂക്കം. തുടക്കം മുതല്‍ ഇരുടീമുകളും ആക്രമണ ഫുട്‌ബോള്‍ കാഴ്ചവെച്ചതോടെ കളി ആവേശകരമായി. എന്നാല്‍ സ്‌ട്രൈക്കര്‍മാരുടെ ലക്ഷ്യബോധമില്ലായ്‌മ കാരണം ഗോള്‍ വിട്ടുനിന്നു. ഒടുവില്‍ 41-ാം മിനിറ്റില്‍ കളിയുടെ വിധി നിര്‍ണ്ണയിച്ച ഗോള്‍. ഒരു കോര്‍ണറിനൊടുവില്‍ ലഭിച്ച പന്ത് ബോക്‌സിനുള്ളില്‍ നിന്ന് ഡീഗോ കോസ്റ്റ് ഇടംകാലുകൊണ്ട് വലയിലേക്ക് തിരിച്ചുവിട്ടു.
രണ്ടാം പകുതിയില്‍ സമനിലക്കായി മിഡില്‍സ്ബറോ സര്‍വ്വ കരുത്തും പുറത്തെടുത്ത് പൊരുതിയെങ്കിലും ചെല്‍സി പ്രതിരോധവും ഗോള്‍ കീപ്പര്‍ കുര്‍ട്ടോയിസും അവര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി. ചെല്‍സിയും ലീഡ് ഉയര്‍ത്താനായി നിരവധി അവസരങ്ങള്‍ മെനഞ്ഞെടുത്തെങ്കിലും ഗുണമുണ്ടായില്ല.
















