ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് കൂട്ടക്കുരുതി നടത്തിയതെന്ന് സംശയിക്കുന്ന ശവക്കുഴി ഇറാഖി സേന കണ്ടെത്തി. തെക്കന്‍ മൊസൂളില്‍ നിന്നു 10 കിലോമീറ്റര്‍ ദൂരെ ടാല്‍ അധ് ധഹാബില്‍ ദുര്‍ഗന്ധത്തെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മനുഷ്യരുടെ എല്ലുകളും തലയോട്ടികളും കണ്ടെത്തിയത്. നിരവധി വെടിയുണ്ടകളും ലഭിച്ചു.
ആഴത്തില്‍ മണ്ണുമാന്തി മൃതദേഹം അതില്‍ കൂട്ടിയിട്ട നിലയിലാണ് ശവക്കുഴി. സുരക്ഷാ ഉദ്യോഗസ്ഥരെ ഐഎസ് കൂട്ടത്തോടെ കൊന്നൊടുക്കിയ സ്ഥലമാണിത്. ഇതിന് ദൃക്‌സാക്ഷികളായ 40 പ്രദേശവാസികളെയും ഐഎസ് വെടിവെച്ചു കൊന്നിരുന്നു. ഇവരുടെ മൃതദേഹാവശിഷ്ടങ്ങളാണിതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മൊസൂളിനു സമീപത്തെ നിരവധി സ്ഥലങ്ങളില്‍ നിന്ന് ഐഎസ് കൂട്ടക്കുരുതി നടത്തിയതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. കഴിഞ്ഞയാഴ്ച ഹമാം അല്‍ അലില്‍ നഗരത്തില്‍ നിന്നു വലിയ ശവക്കുഴി ഇറാഖ് സൈന്യം കണ്ടെത്തി. മുന്നൂറോളം മൃതദേഹങ്ങളാണ് ഇവിടെ നിന്നു ലഭിച്ചത്.
















