കണ്ണൂര്‍: 14ാമത് സംസ്ഥാന എക്സൈസ് കലാ-കായിക മേള 21, 22, 23 തീയതികളില്‍ കണ്ണൂരില്‍ വിവിധ വേദികളിലായി നടക്കും. ഗെയിംസ് മത്സരങ്ങള്‍ 21ന് തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയം, കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ട്, താവക്കര ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലും കലാ-കായിക മത്സരങ്ങള്‍ 22, 23 തീയതികളില്‍ കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ട്, താവക്കര ഇന്‍ഡോര്‍ സ്റ്റേഡിയം, മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, കൃഷ്ണ മണ്ഡപം, ജൂബിലി ഹാള്‍, സ്പോര്‍ട്സ് കൗണ്‍സില്‍ ഹാള്‍ എന്നിവിടങ്ങളിലുമായാണ് നടക്കുകയെന്ന് കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.വി.സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തോളം കലാകാരന്മാരും കായിക താരങ്ങളും പങ്കെടുക്കുന്ന മേള 22ന് രാവിലെ 9 മണിക്ക് കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ എക്സൈസ് -തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനാവും. മേയര്‍ ഇ.പി.ലത, എംഎല്‍എ മാരായ കെ.സി.ജോസഫ്, സി.കൃഷ്ണന്, ടി.വി.രാജേഷ്, കെ.എം.ഷാജി, എ.എന്‍.ഷംസീര്‍, എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, ജോയിന്റ് എക്സൈസ് കമ്മീഷണര്‍ കെ. എ. ജോസഫ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി, ജില്ലാ പോലീസ് മേധാവി കോറി സഞ്ജയ്കുമാര്‍ ഗുരുദിന് തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന സ്പോര്ടസ് ഓഫീസര്‍ ജി.ചന്തു പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എക്സൈസ് സേനാംഗങ്ങളുടെ വര്‍ണ്ണ ശബളമായ മാര്‍ച്ച്പാസ്റ്റും ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് നടക്കും.
23ന് വൈകുന്നേരം 4 മണിക്ക് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന സമാപനച്ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യും. ഋഷിരാജ് സിംഗ് അധ്യക്ഷനാവും. ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് സമ്മാനദാനം നിര്‍വ്വഹിക്കും. തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 21ന് രാവിലെ 8.30 മുതല്‍ നടക്കുന്ന ക്രിക്കറ്റ് മത്സരത്തില്‍ ദക്ഷിണ മേഖലാ ക്രിക്കറ്റ് ടീമിനെ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നയിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.കെ.സുരേഷ്, അസിസ്റ്റന്റ് കമ്മീഷണര്‍ എ.എന്‍.ഷാ, സി.കെ.പവിത്രന്, കെ.സന്തോഷ്കുമാര്‍ എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: