ഗാന്ധിനഗര്‍: അപകടത്തില്‍പ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അയ്യപ്പന്മാര് അവഗണന സഹിക്കാനാകാതെ വിടുതല്‍ വാങ്ങി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.
കഴിഞ്ഞദിവസം ശബരിമല ദര്‍ശനം കഴഞ്ഞ് മടങ്ങുകയായിരുന്ന കൊല്ലം സ്വദേശികളായ അയ്യപ്പന്മാര് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. വളരെവേഗം വന്ന കെഎസ്ആര്‍ടിസി ബസ്, അയ്യപ്പന്മാരുടെ കാറിനെ മറികടക്കുമ്പോള്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അഞ്ച് അയ്യപ്പന്മാര്ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിക്കുകയും ഉച്ചയോടെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ തുടര്‍ന്ന് വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പിന്നീട് ഇവര്‍ക്ക് ചികിത്സ നിശ്ചയിക്കുന്നതിനോ ആവശ്യമായ മരുന്നുകലും മറ്റും നല്‍കുന്നതിനോ ഡോക്ടര്‍മാര്‍ തയ്യാറായില്ല എന്നാണ് പരാതി ഉയര്‍ന്നത്. മെഡിസിന്, ഓര്‍ത്തോ, ന്യൂറോ, സര്‍ജറി വിഭാഗങ്ങള്‍ തമ്മില്‍ ചികിത്സ നിശ്ചയിക്കുന്നതില്‍ ഏകോപനം ഉണ്ടായതുമില്ല. പരിക്കേറ്റ രോഗിയെ എക്സ്റേ വിഭാഗത്തിലേക്ക് സ്ട്രെച്ചറില്‍ പലപ്രാവശ്യം കൊണ്ടുപോകേണ്ടതായി വന്നുവെന്നും പറയുന്നു.
മുന്‍കാലങ്ങളില്‍ അപകടത്തില്‍പ്പെട്ടും മറ്റും മെഡിക്കല്‍ കോളേജിലെത്തുന്ന അയ്യപ്പന്മാരെ ശുശ്രൂഷിക്കുവാന്‍ വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാര്‍ തമ്മില്‍ ഏകോപനം ഉണ്ടായിരുന്നു. ഇതിന്റെ മേല്‍നോട്ടം വഹിക്കുവാന്‍ ഒരു തലവനെയും നിശ്ചയിച്ചിരുന്നു. ഇക്കൊല്ലം ഇതുവരെ അങ്ങനെയൊരു ക്രമീകരണം ഉണ്ടായിട്ടില്ല. കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ടു ചികിത്സയിലായിരുന്ന അയ്യപ്പന്മാര് സ്വന്തം ചുമതലയില്‍ വിടുതലിനായി ശ്രമിച്ചപ്പോഴാണ് ചികിത്സ ആരംഭിച്ചതെന്നും പരാതിയുണ്ട്.
അപകടത്തില്‍പ്പെട്ടും മറ്റും വരുന്ന അയ്യപ്പന്മാരുടെ സഹായത്തിനായി അധികാരികളുടെ ഭാഗത്തുനിന്നും അടിയന്തിരമായ നടപടികള്‍ ഉണ്ടാകണം. അവഗണന തുടരാനാണ് തീരുമാനമെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: