എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിക്ക് മതിയായ സുരക്ഷയില്ലെന്നും, എരുമേലിയില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരുടെ പ്രധാന ജോലി വാഹന ഗതാഗത നിയന്ത്രണം മാത്രമാണെന്നും രഹസ്യാന്വേഷണ വിഭാഗം.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയുടെ സുരക്ഷ പരിശോധിക്കാനെത്തിയ സംഘം എരുമേലി കൂടി പരിശോധിക്കണമെന്ന നിര്‍ദ്ദേശത്തിന്റെ ഭാഗമാണ് ഇന്നലെ ഇവിടെയെത്തിയത്. കേന്ദ്ര-സംസ്ഥാന ഐ.ബിയുടെ ഉന്നതതല സംഘം എരുമേലിയില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഗുരുതരമായ സുരക്ഷ വീഴ്ചകളാണ് കണ്ടെത്തിയത്.
ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലി, ശബരിമല പോലെ തന്നെ പ്രധാന മാണെന്നും എന്നാല്‍ സുരക്ഷ സംവിധാനം ഒന്നുമില്ലെന്നും സംഘം ചൂണ്ടിക്കാട്ടുന്നു. എരുമേലി പാര്‍ക്കിംഗ് മൈതാനങ്ങള്‍ സുരക്ഷിതമല്ലെന്നും, ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് ചുറ്റും വഴികളാണും സംഘം നിരീക്ഷിച്ചു. സുരക്ഷയുടെ ഭാഗമായി ഇവിടെ സ്ഥാപിച്ചിട്ടുള്ള സംവിധാനം അപര്യാപ്തമാണന്നും ക്ഷേത്രത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നും സംഘം നിരീക്ഷിച്ചു.
ക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശം പോലീസ് ഡ്യൂട്ടി ഉറപ്പാക്കണമെന്നും അവര്‍ നിരീക്ഷിച്ചു. എന്നാല്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ആവശ്യമായ പോലീസുകാര്‍ എരുമേലിയിലില്ലെന്നും, നിലവിലുള്ള പേരെക്കൂടാതെ സുരക്ഷാ ക്രമീകരണത്തിനായി അധികം പോലീസിനെ നിയമിക്കേണ്ടതുണ്ടെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ 125 പേര് മൂന്ന് ഘട്ടങ്ങളിലായി 375 പോലീസാണ് ജോലിയിലുള്ളത്. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ ജോലിക്ക് വരുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധന പോലീസ് കര്‍ശനമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
എരുമേലി ക്ഷേത്രം, കൊച്ചമ്പലം, പാര്‍ക്കിംഗ് മൈതാനങ്ങള്‍, പള്ളി, കുളിക്കടവുകള്‍ അടക്കം വിവിധ മേഖലകള്‍ സംഘം സന്ദര്‍ശിച്ചു. എരുമേലിയിലെ സുരക്ഷ ക്രമീകരണം സംബന്ധിച്ച് വിശദമായി റിപ്പോര്‍ട്ട് തയ്യാറാക്കി ഉന്നതാധികാരികള്‍ക്ക് നല്‍കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: