കമ്യൂണിസ്റ്റ് കാടത്തം… അനിതയുടെ വീട് സിപിഎമ്മുകാര്‍ തകര്‍ത്ത നിലയില്‍
കണ്ണൂരിന്റെ മണ്ണില്‍ സ്ത്രീകള്‍ക്കും പിഞ്ചുകുട്ടികള്‍ക്കുപോലും സിപിഎം അക്രമങ്ങളില്‍നിന്നു രക്ഷയില്ല. വേട്ടക്കാര്‍ ചോരയിറ്റുന്ന പല്ലുകളുമായി ഇരകളെത്തേടി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പരക്കം പായുകയാണ്. ദളിത് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കുപോലും മാര്‍ക്സിസ്റ്റു ഭീകരരില്‍നിന്നു രക്ഷയില്ല.
കേരള ചരിത്രത്തില്‍ രാഷ്ട്രീയ അകമത്തില്‍ സ്ത്രീ കൊല്ലപ്പെടുന്നത് കമ്യൂണിസ്റ്റു പാര്‍ട്ടി പിറന്നുവീണ കണ്ണൂരിലാണ്. 2002ല്‍ സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട ബിഎംഎസ് പ്രവര്ത്തകന് ഉത്തമന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവര്‍ക്കു നേരെയുണ്ടായ ബോംബാക്രമണത്തില്‍ ദാരുണമായി മരിച്ച അമ്മുഅമ്മയാണ് ആ ഹതഭാഗ്യ. അക്രമത്തില്‍ വാന്‍ ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു. കണ്ണൂരിലെ സിപിഎം മറ്റൊരു ചരിത്രവും കുറിച്ചിട്ടുണ്ട്. ബോംബുനിര്‍മ്മാണത്തില്‍ പ്രതിയാകുന്ന ആദ്യവനിതയും ഇവിടുത്തെ സഖാവാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പാനൂരിലായിരുന്നു സംഭവം.
പയ്യന്നൂര്‍ കോറോം നെല്ലിയാട് ലീഷ്മയെന്ന ദളിത് യുവതിയെയും അവരുടെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും അക്രമിച്ച സിപിഎം നടപടി ആരുടെയും കരളലിയിപ്പിക്കുന്നതാണ്. കമ്യൂണിസ്റ്റിതര പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചുവെന്നതാണ് ലീഷ്മ ചെയ്ത ഏക തെറ്റ്. ലീഷ്മയും കുഞ്ഞുങ്ങളും താമസിക്കുന്നത് പരിതാപകരമായ അവസ്ഥയിലാണ്. സിപിഎം ഓഫീസുകളിലും പഞ്ചായത്തുകളിലും വര്‍ഷങ്ങള്‍ കയറിയിറങ്ങിയിട്ടും വീടുവച്ചു നല്കാന് അധികാരികള്‍ തയ്യാറായില്ല. ഒടുവില്‍ ഈ ദളിത് കുടുംബത്തെ സഹായിക്കാന്‍ സേവാഭാരതി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇതു സഖാക്കള്‍ക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. തങ്ങളുടെ കാലുപിടിച്ച് മാപ്പുപറയാതെ ലീഷ്മയും കുടുംബവും നല്ലവീട്ടില്‍ കഴിയാന്‍ പാടില്ല. മാര്‍ക്സിസ്റ്റ് നേതാക്കള്‍ തിട്ടൂരമിറക്കി.
വീടുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് സേവാഭാരതി പ്രവര്‍ത്തകര്‍ അവിടെ എത്തിയപ്പോഴാണ് നൂറുകണക്കിന് വരുന്ന സിപിഎം ക്രിമിനലുകള്‍ ലീഷ്മയെയും കുടുംബാംഗങ്ങളെയും ക്രൂരമായി അക്രമിച്ചത്. അക്രമത്തില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. തങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കാത്തവരെ മാത്രമല്ല, അവരെ സഹായിക്കാന്‍ എത്തുന്നവരെയും വകവരുത്തുമെന്ന സന്ദേശമാണ് സിപിഎം നല്‍കുന്നത്. പോലീസിനെ കാഴ്ചക്കാരാക്കി പാര്‍ട്ടി ഭരണമാണ് ഇവിടങ്ങളില്‍ നടക്കുന്നത്. സിപിഎം മാടമ്പിത്തരത്തിനെതിരെ പ്രതികരിച്ചാല്‍ ഒന്നുകില്‍ കൈകാര്യം ചെയ്യും. അല്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കും. കണ്ണൂരില്‍ ദളിത് സമൂഹത്തിനുനേരെ സിപിഎം അക്രമം തുടരുകയാണ്.
വര്‍ഷങ്ങളായി സിപിഎം നടത്തിയ അതിക്രമങ്ങള്‍ കാരണം നാടുവിടേണ്ടിവന്ന ഓട്ടോഡ്രൈവറായ എടാട്ടെ ചിത്രലേഖയെന്ന യുവതിയും കുടുംബവും മുതല്‍ തലശ്ശേരിയിലെ കുട്ടിമാക്കുലിലെ ദളിത് സഹോദരികള്‍ വരെ സിപിഎം അക്രമത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ്. കുട്ടിമാക്കുലില്‍ ദളിത് സഹോദരികളെ കള്ളക്കേസില്‍ കുടുക്കുക മാത്രമല്ല, പിഞ്ചുകുട്ടിയെ ഉള്‍പ്പെടെ ജയിലിലടക്കാനും സിപിഎം തയ്യാറായി. പിന്നീട് തലശ്ശേരി എംഎല്‍എ ഷംസീറും ഡിവൈഎഫ്ഐ നേതാവ് ദിവ്യയും ചാനലുകളിലെ ചര്‍ച്ചകളില്‍വരെ പങ്കെടുത്ത് യുവതികളെ സ്വഭാവഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഇതില്‍ മനംനൊന്ത് ഒരു യുവതി ജീവനൊടുക്കാനും ശ്രമിച്ചു. അതിക്രമത്തിനിരയായി യുവതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിട്ടും ഇതിനെതിരെ നട്ടെല്ലു നിവര്‍ത്തിനിന്ന് പ്രതികരിക്കാന്‍പോലും കോണ്‍ഗ്രസുകാര്‍ തയ്യാറായില്ല. മാര്‍ക്സിസ്റ്റു ഭീകരരെ അത്രയ്ക്കു ഭയക്കുന്നു എതിര് രാഷ്ട്രീയ കക്ഷികള്‍. സംഘപ്രസ്ഥാനങ്ങള്‍ മാത്രമാണ് സിപിഎമ്മിനു മുന്നില്‍ മുട്ടുമടക്കാതെ സംഘടനാ പ്രവര്‍ത്തനം നടത്തുന്നത്.
കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മുഴക്കുന്നു പഞ്ചായത്ത് പതിനാലാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന്റെ ശിക്ഷയായാണ് രമ്യയുടെ ഏഴുവയസ്സുകാരന് മകന് കാര്‍ത്തിക്കിനെ വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്പിച്ചത്. കഴിഞ്ഞ മെയ് 30 നായിരുന്നു സംഭവം. സിപിഎം പ്രവര്‍ത്തകനും രമ്യയുടെ സഹോദരനുമായ മനോജ് ഉള്‍പ്പെടുന്ന സംഘമാണ് കുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അച്ഛന് രാഹുലിനെ അന്വേഷിച്ച് എത്തിയ സംഘം ഏഴു വയസുകാരന് മകനെ അക്രമിച്ച് പക തീര്‍ക്കുകയായിരുന്നു. ഒരു മാസത്തിനുശേഷം ജൂലൈ എട്ടിന് കാര്‍ത്തികിന്റെ വീടിന് സിപിഎം സംഘം തീയിട്ടു. മകനെ അക്രമിക്കുക, വീട് ഇല്ലാതാക്കുക, വധഭീഷണി മുഴക്കുക. എങ്ങനെ ഇനി ജീവിക്കുമെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം.
സിപിഎം പ്രവര്‍ത്തകയും റെഡ് വോളന്റിയറുമായിരുന്ന ശങ്കരനെല്ലൂരിലെ അനിതയുടെ ദുരവസ്ഥ കണ്ണൂരിലെ സിപിഎം കാട്ടാളത്തം പകല്‍പോലെ വ്യക്തമാക്കുന്നതാണ്. അനിതയുടെ അച്ഛന്റെ സഹോദരന് നേരത്തെ സിപിഎം ഓഫീസ് നിര്‍മ്മിക്കാന്‍ രണ്ടുസെന്റ് സ്ഥലം സൗജന്യമായി നല്‍കിയിരുന്നു. അടുത്തിടെ വീണ്ടും രണ്ടു സെന്റു സ്ഥലംകൂടി സൗജന്യമായി നല്‍കണമെന്ന സിപിഎം നേതാക്കളുടെ ആവശ്യം അംഗീകരിക്കാതിരുന്നതോടെ അനിതയുടെയും കുടുംബത്തിന്റെയും വിധി പാര്‍ട്ടി എഴുതിക്കഴിഞ്ഞിരുന്നു.
അനിതയുടെ ഭര്‍ത്താവ് കാഞ്ഞാല്‍ ദിനേശന് സിഐടിയുവില്‍ അംഗമായ ചെത്തുതൊഴിലാളിയാണ്. പാര്‍ട്ടി ഉത്തരവ് അനുസരിക്കാതിരുന്ന അനിതയെ പാഠം പഠിപ്പിക്കാന്‍ സിപിഎം അവസരം പാര്‍ത്തു. ഒടുവില്‍ ആ അവസരം വീണുകിട്ടി. ഇവരുടെ പതിനെട്ടുവയസുകാരനായ മകന് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരുമായി സംസാരിക്കുന്നു. മകനെ കുറ്റവിചാരണ നടത്തി വധിക്കാനെത്തിയ സിപിഎം സംഘം അനിതയുടെ ഇരുനിലവീട് പൂര്‍ണ്ണമായും തകര്‍ത്തു. ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും ഉപയോഗശൂന്യമാക്കി. തനി കാട്ടാളത്തമാണ് ഇവിടെ അരങ്ങേറിയത്.
”എന്റെ അച്ഛന് പിണറായി പാറപ്പുറംകാരനാണ്. പിണറായി വിജയനൊപ്പം പാര്‍ട്ടി പ്രവര്‍ത്തനത്തിനുണ്ടായിരുന്നു. താന്‍ ഓര്‍മ്മവച്ച നാള്‍മുതല്‍ സിപിഎം പരിപാടികള്‍ക്ക് പോകുമായിരുന്നു. താനും മകളും സിപിഎം പ്രവര്‍ത്തകരും റെഡ് വോളന്റിയറുമായിരുന്നു, ഭര്‍ത്താവ് സിഐടിയു പ്രവര്‍ത്തകനും. എന്നിട്ടും അല്പംപോലും കരുണ കാണിക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതൃത്വം തയ്യാറായില്ല” അനിത പറയുന്നു. പലതവണ വീടിനുനേരെ അക്രമം നടന്നു. ഉറച്ച സിപിഎമ്മുകാരിയായ തന്നെ നേതാക്കള്‍ ബിജെപിക്കാരിയായി മാറ്റുകയാണ്. ഭീഷണിയും അക്രമങ്ങളും ഇനി സഹിക്കാന്‍ വയ്യ. വീടും സ്ഥലവും വിറ്റ് ബിജെപി പ്രവര്‍ത്തകര്‍ കൂടുതലുള്ള പ്രദേശങ്ങളിലെവിടെയെങ്കിലും വീടുവച്ച് മനസ്സമാധാനത്തോടെ കഴിയണം. മകനു വധഭീഷണിയുള്ളതിനാല്‍ അവന് നാടുവിട്ടു, മകനെ കണ്ടിട്ട് ദിവസങ്ങളായി. അനിതയ്ക്ക് കരച്ചിലടക്കാന്‍ കഴിയുന്നില്ല.
പിണറായി ഭരണത്തില്‍ സിപിഎം നടത്തുന്ന അക്രമങ്ങളില്‍ ചിലതു മാത്രമാണിവ. സര്‍വ്വവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ ദുരിതത്തില്‍ നീറുമ്പോള്‍ ജയരാജന്മാര് ജാഥകള്‍ നടത്തി കൊലവിളിയുമായി നാട്ടിലെമ്പാടും സഖാക്കളുടെ സ്വീകരണം ഏറ്റുവാങ്ങുന്ന തിരക്കിലായിരുന്നു. സമാധാനയോഗങ്ങള്ക്ക് പുല്ലുവിലയാണ് ഇവര്‍ നല്‍കുന്നത്. സമൂഹത്തെ വെല്ലുവിളിച്ച് പണക്കൊഴുപ്പിന്റെ ധാരാളിത്തമാണ് കണ്ണൂരില്‍ സിപിഎം നടപ്പാക്കുന്നത്. കഴിഞ്ഞ മാസം 24ന് കളക്ടറുടെ നേതൃത്വത്തില്‍ നടന്ന സമാധാനയോഗത്തില്‍ പങ്കെടുത്തില്ലെന്നു മാത്രമല്ല, യോഗതീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന് പത്രക്കുറിപ്പുമിറക്കി ജനങ്ങളെ വെല്ലുവിളിച്ചു.
രാഷ്ട്രീയ അന്ധത ബാധിച്ച അണികളെയും പാര്‍ട്ടി പോറ്റിവളര്‍ത്തുന്ന ക്വട്ടേഷന്‍ സംഘങ്ങളെയും ആവേശം കൊള്ളിക്കുന്നതാണ് ജയരാജന്റെ നടപടി. കണ്ണൂര്‍ ശാന്തമാകണമെങ്കില്‍ അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രം അസ്തമിക്കുക തന്നെ വേണം. സമാധാനത്തിന്റെ, ജനാധിപത്യത്തിന്റെ പുതിയ പ്രഭാതം ഉദിച്ചുയരുക തന്നെ ചെയ്യും, അധികം വൈകാതെ.
(പരമ്പര അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: