ന്യൂദല്‍ഹി: നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തിയപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഴയ നോട്ടുകള്‍ സാധുവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കി. കേരള മുഖ്യമന്ത്രി പിണറായി വിജയനും നോട്ട് നിരോധനത്തിനെതിരായ നിലപാടിലാണ്.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ റദ്ദാക്കിയ തീരുമാനത്തെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നതായി ബീഹാറിലെ പൊതുപരിപാടിയില്‍ നിതീഷ് വ്യക്തമാക്കി. നടപടി കള്ളപ്പണം ഇല്ലാതാക്കും. ബിനാമി സ്വത്തുക്കള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രതിപക്ഷ കക്ഷികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സംഘടിക്കുമ്പോഴാണ് മോദിയുടെ കടുത്ത വിമര്‍ശകനായ നിതീഷിന്റെ പിന്തുണ.
നേരത്തെയും നടപടിയെ നിതീഷ് പിന്തുണച്ചിരുന്നു. എന്നാല്‍ ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ ഉള്‍പ്പെടെ ആരോപണ വിധേയമായ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും എത്രയും വേഗം പഴയ നോട്ടുകള്‍ സാധുവാക്കിത്തരണമെന്ന ആവശ്യം ആവര്‍ത്തിച്ചു. മൂന്നു ദിവസത്തെ സമയം കേന്ദ്രത്തിന് നല്‍കുമെന്നും അതിനുള്ളില്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നുമാണ് മമതയുടെ ഭീഷണി. അഴിമതി വിരുദ്ധ പ്രക്ഷോഭത്തിലൂടെ രാഷ്‌ട്രീയത്തിലെത്തിയ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് മമതയ്‌ക്കൊപ്പം അണിനിരന്ന മറ്റൊരു സംസ്ഥാന മുഖ്യമന്ത്രി.
ഇരുവരും ഇന്നലെ ദല്‍ഹിയില്‍ കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടിക്കെതിരെ സംയുക്തമായി പൊതുപരിപാടി സംഘടിപ്പിച്ചു. എന്നാല്‍ പരിപാടിയില്‍ ജനങ്ങള്‍ മോദി അനുകൂല മുദ്രാവാക്യം വിളിച്ചത് ശ്രദ്ധേയമായി.
















