ന്യൂദല്‍ഹി: നോട്ട് റദ്ദാക്കലുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകളുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബിജെപി എംപിമാരായ സുരേഷ് ഗോപിക്കും റിച്ചാര്‍ഡ് ഹേയ്‌ക്കും അയിത്തം. ദല്‍ഹി കേരള ഹൗസില്‍ നടന്ന യോഗത്തിലേക്ക് ഇരുവരെയും വിളിച്ചില്ല.
വിളിക്കാത്തതിന് ആരെയും കുറ്റപ്പെടുത്താനില്ലെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. വികസനത്തില്‍ രാഷ്‌ട്രീയമില്ല. തന്നെ വിളിക്കേണ്ടെന്ന് തോന്നിയതിനാലാകാം ഇങ്ങനെ ചെയതത്. മുന്നൊരുക്കമില്ലാതെയാണ് നോട്ട് നിരോധിച്ചതെന്ന ആരോപണം ശരിയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. എല്ലാവരെയും അറിയിച്ച് ചെയ്യാനാകില്ല. നോട്ട് മാറുന്നതിന് ആവശ്യമായ സമയം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിന് ശേഷം കേരള ഹൗസില്‍ എത്തിയ സുരേഷ് ഗോപിയുമായി മുഖ്യമന്ത്രി സംസാരിച്ചു. യോഗം സംബന്ധിച്ച് അറിയിപ്പ് ലഭിച്ചില്ലെന്ന് റിച്ചാര്‍ഡ് ഹെയും പ്രതികരിച്ചു.
ബിജെപി എംപിമാര്‍ക്ക് ആദ്യമായല്ല സംസ്ഥാന സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുന്നത്. സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെ രണ്ട് എംപിമാരെയും അകറ്റി നിര്‍ത്തുന്നത് പതിവാണ്. ഒഴിവാക്കാനാകാത്ത യോഗങ്ങളിലേക്ക് പോലും അവസാന നിമിഷമാണ് എംപിമാര്‍ക്ക് അറിയിപ്പ് ലഭിക്കുന്നത്. ബിജെപി എംപിമാരെ സഹകരിപ്പിക്കുന്നത് തങ്ങളുടെ താത്പര്യങ്ങളെ ബാധിക്കുമെന്ന് ഭരണ-പ്രതിപക്ഷ എംപിമാര്‍ മാധ്യമപ്രവര്‍ത്തകരോട് തുറന്ന് പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും അടുത്ത ബന്ധമുള്ള എംപിമാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിന് പകരം രാഷ്‌ട്രീയം കളിക്കുകയാണ് സര്‍ക്കാര്‍.
സഹകരണ ബാങ്കുകള്‍ക്ക് കറന്‍സി ക്രയ വിക്രയത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള ഭരണ-പ്രതിപക്ഷ എംപിമാര്‍ കേന്ദ്രമന്ത്രി രാധാ മോഹന്‍ സിങ്ങിന് നിവേദനം നല്‍കി. വിഷയം ആനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും പ്രശ്‌ന പരിഹാരത്തിന് ഉടന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കിയതായി എം.കെ.രാഘവന്‍ എംപി അറിയിച്ചു.
















