ന്യൂദല്‍ഹി: നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്‌പ്പില്‍ പതിനൊന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന പാക്കിസ്ഥാന്റെ വാദത്തെ നിഷേധിച്ച് ഇന്ത്യ. ഇക്കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ പാക്കിസ്ഥാന്‍ വെടിവയ്‌പ്പില്‍ സൈനികരാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ് ട്വിറ്ററില്‍ അറിയിച്ചു.
പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ റാഹീല്‍ ഷെരീഫ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ സേനയുടെ ആക്രമണത്തില്‍ ഏഴു പാക് സൈനികര്‍ കൊല്ലപ്പെട്ട ദിവസം നടത്തിയ തിരിച്ചടിയില്‍ പതിനൊന്നു ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് പറഞ്ഞത്.
ഇപ്പോള്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സേനയിലെ 40 -44 സൈനികര്‍ പാക് വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടുവെന്നും എന്നാല്‍ ഇന്ത്യന്‍ സേന അത് അംഗീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നും ഷെരീഫ് പറയുന്നു. സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണം അംഗീകരിക്കാനുള്ള ധൈര്യം ഇന്ത്യ കാണിക്കണമെന്നും ഷെരീഫ് ആവശ്യപ്പെട്ടിരുന്നു.
















