ന്യൂദല്‍ഹി/ശ്രീനഗര്‍: നോട്ടുകള്‍ ആസാധുവാക്കിയതിന് പിന്നാലെ കശ്മീരില്‍ വിഘടനവാദികളുടെ സംഘര്‍ഷം ഒറ്റയടിക്ക് നിന്നു. പാക്കിസ്ഥാന്റെ പിന്തുണയോടെ വിഘടനവാദികള്‍ ജൂലൈ മുതല്‍ നടത്തുന്ന സംഘര്‍ഷമാണ് സ്വിച്ചിട്ട പോലെ അവസാനിച്ചത്.
കഴിഞ്ഞ രണ്ട് ദിവസം വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ തടസ്സമില്ലാതെ നടന്നു. സുരക്ഷാ സേനകളെ ആക്രമിക്കാനോ കല്ലെറിയാനോ ഇപ്പോള്‍ നിരത്തില്‍ യുവാക്കളില്ല.
പ്രധാനമന്ത്രിയുടെ തീരുമാനത്തിന് ശേഷം കശ്മീരിലെ കല്ലെറിയല്‍ അവസാനിച്ചെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ചൂണ്ടിക്കാട്ടി.
കല്ലെറിയുന്നതിന് 500 രൂപയും കൂടുതല്‍ അക്രമം നടത്തുന്നതിന് 1000 രൂപയുമാണ് വിഘടനവാദികള്‍ നേരത്തെ നല്‍കിയിരുന്നത്. ഭീകരരുടെ സാമ്പത്തിക സ്രോതസ്സും തകര്‍ന്നിരിക്കുകയാണ്. അതിര്‍ത്തി സംരക്ഷിക്കാനും സാമ്പത്തിക സുരക്ഷക്കും പ്രധാനമന്ത്രി ശക്തമായ തീരുമാനമെടുക്കുന്നതായി പരീക്കര്‍ ചൂണ്ടിക്കാട്ടി.
വിഘടനവാദികള്‍ക്ക് തിരിച്ചടിയേറ്റതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വിലയിരുത്തുന്നു. നോട്ട് റദ്ദാക്കുന്നതിലൂടെ ഭീകരപ്രവര്‍ത്തനത്തിനുള്ള പണമൊഴുക്ക് തടയാനാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാനില്‍ നിന്നെത്തുന്ന കള്ളനോട്ടാണ് കശ്മീര്‍ സംഘര്‍ഷത്തിന്റെ അടിത്തറ. പാക്ക് ചാരസംഘടന ഐഎസ്‌ഐയുടെ മേല്‍നോട്ടത്തില്‍ പെഷവാറിലാണ് കള്ളനോട്ടുകള്‍ അച്ചടിക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
















