ന്യൂദല്‍ഹി: നോട്ട് റദ്ദാക്കല്‍ നടപടി തള്ളാനും കൊള്ളാനുമാകാതെ സിപിഎം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കള്ളപ്പണം തടയാന്‍ സഹായിക്കില്ലെന്ന് ഏതാനും ദിവസങ്ങളായി പ്രചരിപ്പിച്ച സിപിഎം ഇന്നലെ പറഞ്ഞത് വിഴുങ്ങി. തീരുമാനം പിന്‍വലിക്കേണ്ടതില്ലെന്നും ശരിയായ രീതിയില്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
നടപടി പിന്‍വലിക്കാനാവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോടൊപ്പം രാഷ്‌ട്രപതിയെ കാണാന്‍ പോകേണ്ടെന്നും സിപിഎമ്മും ഇടത് പാര്‍ട്ടികളും തീരുമാനിച്ചിട്ടുണ്ട്. ഫലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ ഇടത് പാര്‍ട്ടികളുടെ പ്രതിഷേധം പ്രസ്താവനകളില്‍ ഒതുങ്ങും.
ബംഗാളില്‍ തങ്ങളെ വലിച്ച് താഴെയിട്ട മമതയുടെ നേതൃത്വമാണ് സിപിഎമ്മിനെ കുരുക്കിലാക്കിയത്. വിഷയത്തില്‍ പ്രതിപക്ഷ നിരയില്‍ മമതയുടെ ശബ്ദത്തിന് ഇടത് പാര്‍ട്ടികളേക്കാള്‍ പ്രധാന്യം ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിനെതിരെ ഒന്നിച്ച് നില്‍ക്കാനാവശ്യപ്പെട്ട് മമത നേരത്തെ യെച്ചൂരിയെ ഫോണില്‍ വിളിച്ചിരുന്നു. അഴിമതിയില്‍ നിന്ന് രക്ഷപ്പെടാനാണ് മമതയുടെ നീക്കമെന്നാണ് സിപിഎമ്മിന്റെ ആരോപണം.
ശാരദ ചിട്ടി തട്ടിപ്പിലും മന്ത്രിമാരുള്‍പ്പെടെ കോഴവാങ്ങി ഒളികാമറയില്‍ കുടുങ്ങിയതിലും തൃണമൂല്‍ നേതാക്കള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. അഴിമതിയില്‍ മുങ്ങിയ പ്രാദേശിക പാര്‍ട്ടികളുമായി അവസരത്തിനൊത്ത് തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്ന സിപിഎമ്മിന്റെ യഥാര്‍ത്ഥ പ്രശ്‌നം എന്നാല്‍ മമതക്ക് ലഭിക്കുന്ന അപ്രമാദിത്വമാണ്. ഇതോടെ സര്‍ക്കാരിനെ ഏറ്റവും രൂക്ഷമായി വിമര്‍ശിച്ച പാര്‍ട്ടി പിന്നാക്കം പോകാന്‍ നിര്‍ബന്ധിതരായി.
കള്ളപ്പണം തടയാന്‍ നോട്ട് റദ്ദാക്കലല്ലാതെ മറ്റെന്തൊക്കെ മാര്‍ഗ്ഗങ്ങളുണ്ടെന്നാണ് തോമസ് ഐസക്ക് പത്രസമ്മേളനം നടത്തി വിമര്‍ശിച്ചത്. അറിയേണ്ടവരെ അറിയിച്ച് പ്രഖ്യാപിച്ച തീരുമാനം കള്ളപ്പണം തടയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. ഇതൊക്കെ വിഴുങ്ങിയാണ് തീരുമാനം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടെതെന്ന നിലപാട് പാര്‍ട്ടി സ്വീകരിച്ചത്. കള്ളപ്പണം തടയാന്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ലെന്ന വിമര്‍ശനം ഇനി ഉന്നയിക്കാന്‍ സിപിഎമ്മിനാകില്ല.
















