Categories: Kannur

അഖിലേന്ത്യാ ശില്പശാല ‘ലോഹാര്‍’ ഇന്ന് ആരംഭിക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: സംസ്‌കാരികവകുപ്പിന്റെ സഹകരണത്തോടെ കേരള ഫോക്‌ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇന്ത്യന്‍ വംശീയ ചിത്രകലകളുടെയും കരകൗശല വിദ്യയുടെയും ശില്പശാല ‘ലോഹാര്‍ 16’ ഇന്ന് ആരംഭിക്കും. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള 54 സ്റ്റാളുകളില്‍ നടക്കുന്ന വംശീയ മേളയില്‍ കലാകാരന്‍മാര്‍ക്കൊപ്പം വംശീയ കലകള്‍ പഠിക്കുന്നതിനായി താത്പര്യമുള്ളവര്‍ക്കും അവസരമുണ്ട്. ശില്പശാലയുടെ ഉദ്ഘാടനം നാളെ വൈകീട്ട് അഞ്ചിന് ടൗണ്‍ സ്‌ക്വയറില്‍ മന്ത്രി എ.കെ.ബാലന്‍ നിര്‍വ്വഹിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ജില്ലാകലക്ടര്‍ മിര്‍മുഹമ്മദ് അലി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് കലാകാരന്‍മാര്‍ക്ക് ആദരാര്‍പ്പണം നടത്തും. ചടങ്ങില്‍ കണ്ണൂര്‍ മേയര്‍ ഇ.പി.ലത മുഖ്യാതിഥിയായിരിക്കും.

കലംകാരി പെയിന്റിങ്ങ്, ലെതര്‍ ക്രാഫ്റ്റ്, മധുബനി പെയിന്റിങ്ങ്, ലോഹ്ശില്പ്, തുംബക്രാഫ്റ്റ്, വുഡ് ക്രാഫ്റ്റ്, ഭിത്തി ചിത്ര, പാവനിര്‍മാണം, പഹാരി ലോക ചിത്ര ദാപ്പു കല, ലതര്‍ മാസ്‌ക്, പിയാര്‍കര്‍ ചിത്ര, രംഗോലി, വാര്‍ലി പെയിന്റിങ്ങ്, വുഡ് പെയ്ന്റിങ്ങ്, പിചുവായ്, രജപുത്ത് ലോക ചിത്രകല, ടെറാക്കോട്ട, എംബോസ്ഡ് വര്‍ക്ക്, രാജസ്ഥാനി പാവനിര്‍മാണം, ദിക്രാകാര്‍വിംഗ്, ബംഗാളി പാടചിത്ര, ലഡാക്ക് ക്രാഫ്റ്റ്, ബാത്തിക് ചെറിയാല്‍, ഗോണ്ട്, ബാംബു ആന്റ് കെയിന്‍ ക്രാഫ്റ്റ് തുടങ്ങിയവയാണ് ശില്പശാലയിലെ പ്രധാന ഇനങ്ങള്‍.

ചിത്രകല, കരകൗശലവിദ്യ എന്നിവ നിരീക്ഷിക്കുന്നതിനായി കാലത്ത് പത്ത് മുതല്‍ രാത്രി എട്ട് വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പ്രവേശനം നല്‍കും. വൈകീട്ട് ആറരമുതല്‍ തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ എട്ട് കള്‍ച്ചറല്‍ സോണുകളില്‍ നിന്നുമായി 24 സംസ്ഥാനങ്ങളിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വംശീയ നൃത്തരൂപങ്ങളും അവയോടൊപ്പം കേരളത്തിലെ നാടന്‍ കലാരൂപങ്ങളും അരങ്ങേറും. ഇതോടനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി സെമിനാറും സംഘടിപ്പിക്കും.

Recent Posts