ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ഡിസംബര്‍ ഒന്നുമുതല്‍ കറന്‍സികള്‍ മാറ്റുന്നു. എല്ലാ നോട്ടുകളും പുതിയ ഡിസൈനില്‍ ഇറക്കാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം 5, 500 നോട്ടുകള്‍ മാറ്റിയിരുന്നു.
നോട്ടുകള്‍ പിന്‍വലിക്കാനുള്ള ഇന്ത്യന്‍ തീരുമാനത്തെ പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ സ്വാഗതം ചെയ്തു. ദ് നേഷന്‍ പത്രത്തിന്റെ പംക്തിയെഴുത്തുകാരന്‍ ഉമര്‍ റിയാസ് ഇന്ത്യന്‍ തീരുമാനം സ്വാഗതം ചെയ്തു. പാക്കിസ്ഥാന്‍ പോലീസ് സര്‍വീസ് അംഗവും പെഷവാര്‍ മുന്‍ പോലീസ് സൂപ്രണ്ടുമാണ് ഉമര്‍. നോട്ടു പിന്‍വലിക്കല്‍ അഴിമതി കുറയ്‌ക്കുമോ എന്ന് പത്രം നടത്തിയ അഭിപ്രായ സര്‍വേയില്‍ 65 % പേര്‍ അനുകൂലിച്ചു.
കള്ളനോട്ടായി കളര്‍ ഫോട്ടോസ്റ്റാറ്റും
ബെംഗളൂരു: പുതിയ 2000 നോട്ടിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റ് കര്‍ണാടകയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ചിക്കമഗളൂര്‍ ജില്ലയില്‍ സവാള കര്‍ഷകനെയാണ് കബളിപ്പിച്ചത്.
റേഷന്‍ കട കൊള്ളയടിച്ചു
ഛത്തര്‍പൂര്‍ (മധ്യപ്രദേശ്): പഴയ നോട്ട് സ്വീകരിക്കാഞ്ഞതിന് ഗ്രാമീണര്‍ റേഷന്‍കട കൊള്ളയടിച്ചു. മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ രോഷാകുലരായ ഗ്രാമീണര്‍ കടയില്‍ നിന്ന് അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങിയവ കൊണ്ടുപോകുകയായിരുന്നു.
മമത സിപിഎമ്മിനൊപ്പം
കൊല്‍ക്കത്ത: നോട്ടുകള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെ തലതിരിഞ്ഞ തീരുമാനത്തില്‍ രാജ്യത്തെ രക്ഷിക്കാന്‍ സിപിഎമ്മുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
അഴിമതിയെന്ന് കേജ്‌രിവാള്‍
ന്യൂദല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ബിജെപി വേണ്ടപ്പെട്ടവര്‍ക്ക് ഇക്കാര്യം നേരത്തെ ചോര്‍ത്തി നല്‍കിയെന്നും അദ്ദേഹം വാദിച്ചു.
ബാങ്കിന്റെ ചില്ലു തകര്‍ന്നു
കരുനാഗപ്പള്ളി: നോട്ടുകള്‍ മാറാന്‍ കരുനാഗപ്പള്ളി വവ്വാക്കാവ് എസ്ബിറ്റി ശാഖയില്‍ വരി നിന്ന ആളുകള്‍ തമ്മില്‍ ഉന്തും തള്ളും. സംഘര്‍ഷത്തില്‍ ബാങ്കിന്റെ ചില്ലുകള്‍ തകര്‍ന്നു. വവ്വാക്കാവ് സ്വദേശി രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിക്ഷേപിച്ചത് കള്ളനോട്ട്
മലപ്പുറം: കൊണ്ടോട്ടി എസ്ബിറ്റി ശാഖയില്‍ നിക്ഷേപിക്കാന്‍ സ്ത്രീ കൊണ്ടുവന്ന 45,000 രൂപയില്‍ 37,000 രൂപയുടെ കള്ളനോട്ടു കണ്ടെത്തി. പരിശോധിക്കാന്‍ മെഷിനില്‍ പണം നിക്ഷേപിച്ചപ്പോഴാണ് തിരിച്ചറിഞ്ഞത്. കൊണ്ടോട്ടി കൊട്ടുകര സ്വദേശി കെ.യു. മറിയുമ്മ (65)യുടേതാണ് പണം. ഗള്‍ഫിലുള്ള മകന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ഒരാള്‍ നല്‍കിയതാണ് പണമെന്നവര്‍ പോലീസിനോട് പറഞ്ഞു.
















